മാള: പൗരത്വ ഭേദഗതി നിയമം ആശങ്കകൾ, വസ്തുതകൾ എന്ന വിഷയത്തിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക സംഘടിപ്പിച്ച പൊതുസംവാദം വ്യത്യസ്ത നിലപാടുകളുടെ ഏറ്റുമുട്ടലിന് വേദിയായി. ഇന്ന് മുസ്ലീങ്ങളാണ് പൗരത്വത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നതെങ്കിൽ നാളെയത് ക്രിസ്ത്യാനിയോ ദളിതരോ ആയിക്കൂടെന്നില്ലെന്ന് ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. റജീഷ് വിഷയം അവതരിപ്പിച്ച് പറഞ്ഞു. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾ പീഡിപ്പിക്കപ്പെട്ടപ്പോൾ അവർക്കുവേണ്ടി സംസാരിക്കാൻ ആരുമുണ്ടായില്ലെന്നും അതുകൊണ്ടാണ് ഈ നിയമം കൊണ്ടുവന്നതെന്നും ഭാരതീയ വിചാര കേന്ദ്രം എറണാകുളം മേഖല സംഘടനാ സെക്രട്ടറി ഷാജി വരവൂർ അഭിപ്രായപ്പെട്ടു. ഒരു ദിവസം ആരെങ്കിലും നൽകിയതല്ല മുസ്ലീങ്ങളുടെ പൗരത്വമെന്ന് ജമാഅത്തെ ഇസ്‌ലാമി മുൻ ജില്ലാ കമ്മിറ്റി അംഗം സി.കെ.ബി വാളൂർ പറഞ്ഞു. ശ്രോതാക്കളുടെ ഇടപെടലിനെ തുടർന്ന് ചർച്ച ചൂടുപിടിച്ചു. ഭരണഘടനയിലെ ആർട്ടിക്കിൾ 14 ഉം പൗരത്വ രജിസ്റ്ററും ചർച്ച ചെയ്യപ്പെട്ടു. മാള പ്രസ് ക്ലബ് പ്രസിഡന്റ് എ.ജി. മുരളീധരൻ മോഡറേറ്ററായിരുന്നു. അജയകുമാർ ഉപ്പത്ത്, പി.ബി. വിനീഷ്, ജഹർഷ കെ.പി, അപർണ്ണ എസ്, ജിജോ ടോമി, സുജൻ പൂപ്പത്തി, അനീഷ് ഹാറൂൺ റഷീദ്, കെ.വി. അനിൽകുമാർ, സി. മുകുന്ദൻ, കെ.കെ. വർഗീസ്, ബാബു തോമസ്, ഷാജി കെ.പി, അഷിൻ ഉണ്ണിക്കൃഷ്ണൻ, വി.ആർ. മനുപ്രസാദ്, ശിവദാസ് എ.കെ, പി.കെ. ബാലു, ഡോ. വടക്കേടത്ത് പത്മനാഭൻ, ഇ.കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു.