തൃശൂർ: മണ്ണുത്തി 110 കെ.വി സബ്‌ സ്‌റ്റേഷൻ നിർമാണോദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് വെറ്ററിനറി കോളേജ് കാമ്പസിലെ ഗോൾഡൻ ജൂബിലി ഹാളിൽ മന്ത്രി എം.എം. മണി നിർവഹിക്കും. നിലവിലുള്ള ഫീഡറുകൾ പൂർണശേഷി എത്തിയതിനാലും പുതിയ ഫീഡറുകൾ സമീപ സ്റ്റേഷനുകളിൽ നിന്ന് കൊണ്ടുവരുന്നത് പ്രായോഗികമായി അസാദ്ധ്യമായതിനാലുമാണ് മണ്ണുത്തിയിൽ പുതിയ 110 കെ.വി. സബ്‌ സ്റ്റേഷൻ അനിവാര്യമായതെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനിയർ എം.പി. ശ്യാംപ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ ഒരേക്കർ സ്ഥലം മുപ്പത് വർഷത്തേക്ക് വാടകയ്‌ക്കെടുത്താണ് സബ്‌ സ്‌റ്റേഷൻ നിർമിക്കുന്നത്. സ്ഥലത്തിന് പ്രതിവർഷം 40,470 രൂപയാണ് വാടക നൽകേണ്ടത്. 11.6 കോടി ചെലവിൽ 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. പത്രസമ്മേളനത്തിൽ സി.എസ്. അജിത്കുമാർ, സന്ധ്യ ദിവാകർ എന്നിവരും പങ്കെടുത്തു.