kda-pipukal
മുരിക്കുങ്ങൽ ഐഎച് ഡിപി കോളനി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കായി മുരുക്കുങ്ങൽ പറനിലം രാരിച്ചന്റെ പറമ്പിൽ കൂട്ടിയിട്ടിരിക്കുന്ന പി വി സി പെപ്പുകൾ.

മറ്റത്തൂർ: മുരിക്കുങ്ങൽ ഐ.എച്ച്.ഡി.പി കോളനി ലിഫ്ട് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടന ദിവസം പൈപ്പ് പൊട്ടിയതോടെ ഉപേക്ഷിച്ച പദ്ധതിയുടെ മോട്ടോർ ഷെഡും തകർന്നു വീണിട്ട് വർഷങ്ങൾ പിന്നിടുന്നു. പദ്ധതിക്കായി 1999ൽ കൊണ്ടിട്ട ലക്ഷക്കണക്കിന് രൂപയുടെ പൈപ്പുകളാണ് 20 വർഷമായിട്ടും അനക്കാതെ വെയിലും മഴയും കൊണ്ടു നശിക്കുന്നത്. 10 ഇഞ്ചിന്റെയും 8 ഇഞ്ചിന്റെയും 30 ഓളം പൈപ്പുകളാണ് ഇനിയും അവശേഷിക്കുന്നത്.

മണിക്കൂറുകൾ മാത്രം പ്രവർത്തിച്ച പദ്ധതിക്ക് 20 വർഷം മുമ്പ് 25 ലക്ഷം രൂപ ചെലവാക്കി. ഒട്ടേറെ കുടുംബങ്ങൾക്ക് ഉപയോഗപ്പെടുന്ന പദ്ധതി പുനരാരംഭിക്കണമെന്ന ആവശ്യം അധികൃതർ ഇനിയും നടപ്പാക്കിയിട്ടില്ല. വെള്ളിക്കുളങ്ങര വലിയ തോടിനു സമീപത്തെ കോടാലിപ്പാടത്തിനോട് ചേർന്ന് സ്ഥാപിച്ച മോട്ടോർ ഷെഡാണ് പൂവാലിത്തോട്ടിലേക്ക് ഇടിഞ്ഞുവീണത്.

കോളനിയിലെ 200 വീട്ടുകാർക്ക് കുടിവെള്ളവും മൂന്ന് ഗ്രാമങ്ങൾക്ക് കൃഷിയാവശ്യത്തിനുള്ള വെള്ളവും ലഭിക്കുന്ന പദ്ധതിയാണ് ഒരു ദിവസത്തെ മാത്രം ആയുസിൽ ഒടുങ്ങിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഫണ്ടായ 25 ലക്ഷം രൂപ വകയിരുത്തി നിർമാണ പ്രവൃത്തികൾ മറ്റത്തൂർ പഞ്ചായത്താണ് ഏറ്റെടുത്ത് നടത്തിയത്. 40 എച്ച്.പിയുടെ മോട്ടോറും പമ്പുസെറ്റുമാണ് ഈ പദ്ധതിക്ക് അനുയോജ്യമെന്നും പറയുന്നു. എന്നാൽ 80 എച്ച്.പിയുടെ മോട്ടോറും പമ്പുസെറ്റുമാണ് സ്ഥാപിച്ചത്.

ഈ പദ്ധതിയുടെ നടത്തിപ്പിനുവേണ്ടി മാത്രം 200 മീറ്റർ റോഡും നിർമിച്ചു. ത്രി ഫെയ്‌സ് കണക്ഷനുള്ള വൈദ്യുതിയും ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. 2010ൽ സ്ഥലം എം.എൽ.എ ഉദ്ഘാടനം ചെയ്ത സമയത്ത് സാങ്കേതിക പിഴവിനാൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി പോയതിനെ തുടർന്ന് പമ്പിങ്ങ് നിറുത്തിവച്ചു. പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

പാഴ് പദ്ധതി

മുരിക്കുങ്ങൽ ലിഫ്ട് ഇറിഗേഷൻ പദ്ധതിക്കായി പൈപ്പിട്ടത് 1999ൽ 20 വർഷം മുൻപ്

200 വീട്ടുകാർക്ക് കുടിവെള്ളവും മൂന്ന് ഗ്രാമങ്ങൾക്ക് കൃഷിക്ക് വെള്ളും കിട്ടുന്ന പദ്ധതി

40 എച്ച്.പി മോട്ടോറിനും പമ്പുസെറ്റിനും പകരം സ്ഥാപിച്ചത് 80 എച്ച്.പി മോട്ടോറും മറ്റും

30 ഇഞ്ചിന്റെയും 8 ഇഞ്ചിന്റെയും 30 ഓളം പൈപ്പുകൾ സ്വകാര്യ പറമ്പിൽ നശിക്കുന്നു

25 ലക്ഷം നൽകിയത് കൊടകര ബ്ലോക്ക്,​ പ്രവൃത്തി നടത്തിയത് മറ്റത്തൂർ പഞ്ചായത്ത്


എന്റെ രണ്ട് സ്ഥലത്തായി കിടക്കുന്ന പൈപ്പുകൾ എടുത്തു മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഇതുവരെ മാറ്റിയിട്ടില്ല. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ് ഇവിടം.

- മുരിക്കുങ്ങൽ പറനിലം രാരിച്ചൻ