ചാവക്കാട്: നഗരസഭാ ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗരസഭ നിർമിച്ച വിശാലമായ ചത്വരത്തിന് കൂട്ടുങ്ങൽ ചത്വരമെന്ന് നാമകരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം 27ന് നടക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാമകരണം നിർവഹിക്കും. ചാവക്കാട് പട്ടണത്തിന്റെ പ്രാദേശിക നാമത്തിന്റെ സ്മരണ നിലനിറുത്തുന്നതിന്റെ ഭാഗമായാണ് ഈ പേരിടുന്നത്.
ഈ പേര് ആലേഖനം ചെയ്തു നിർമിച്ച ചത്വര കവാടത്തിന്റെ സമർപ്പണവും മന്ത്രി ചടങ്ങിൽ നിർവ്വഹിക്കും. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ പരിപാടിയിൽ അദ്ധ്യക്ഷനാകും. നഗരസഭയിലെ വനിതകളുടെ ഗൃഹനിർമാണ യൂണിറ്റായ ''ഗൃഹശ്രീ'' നിർമാണം പൂർത്തീകരിച്ച ആദ്യ ഭവനത്തിന്റെ താക്കോൽദാനവും ഗൃഹശ്രീ യൂണിറ്റിന്റെ സഹകരണത്തോടെ നഗരസഭ നിർമിച്ച് നൽകുന്ന ഭവന നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവ്വഹിക്കും. പി.എം.എ.വൈ ഭവനനിർമാണം പൂർത്തീകരിച്ച 390 പേർക്ക് സ്വച്ഛ് ഭാരത് അർബൻ ഖരമാലിന്യ സംസ്‌കരണ പദ്ധതിപ്രകാരം നൽകുന്ന മാലിന്യസംസ്‌കരണ ഉപാധികളുടെ വിതരണം, മാലിന്യശേഖരണത്തിനായി നഗരസഭയിലെ ഹരിത കർമ്മ സേനക്കുള്ള വാഹനത്തിന്റെ താക്കോൽദാനം എന്നിവയും മന്ത്രി നിർവ്വഹിക്കും.
വൈസ് ചെയർപേഴ്‌സൻ മഞ്ജുഷ സുരേഷ്,നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി, സഫൂറ ബക്കർ, എ.എ. മഹേന്ദ്രൻ, എ.സി. ആനന്ദൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.