gvr-railway-gate
വാഹനമിടിച്ച് തകർന്ന റയിൽവേ ഗേറ്റ്

ഗുരുവായൂർ: അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ച് റെയിൽവേ ഗേറ്റ് തകർന്നു. ഗേറ്റ് ഉയർത്താനാകാത്തതിനാൽ മൂന്ന് മണിക്കൂറോളം ക്ഷേത്ര നഗരി ഗതാഗതക്കുരുക്കിലായി. ഗുരുവായൂർ കിഴക്കേ നടയിലെ റെയിൽവേ ഗേറ്റാണ് ഇന്നലെ രാവിലെ അമിതവേഗത്തിലെത്തിയ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ഇടിച്ചു തകർത്തത്. സിഗ്നൽ തകരാറിനെ തുടർന്ന് അറ്റകുറ്റപണിക്കായി തൃശൂരിൽ നിന്നും ഗുരുവായൂരിലേയ്ക്ക് വരികയായിരുന്ന ഇൻസ്‌പെക്‌ഷൻ വാൻ കടത്തിവിടാനായി ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് ടെമ്പോ ട്രാവലർ അമിതവേഗത്തിലെത്തിയത്. ഗേറ്റിൽ ഇടിച്ച ട്രാവലർ നിറുത്താതെ പോയെങ്കിലും പിന്നീട് പേരാമംഗലത്ത് വെച്ച് പൊലീസ് പിടികൂടി. ഗേറ്റ് ഉയർത്താനാകാതായതോടെ ഗുരുവായൂർ - തൃശൂർ റോഡിൽ വാഹന നിര നീണ്ടു. ഗുരുവായൂരിൽ നിന്നും തൃശൂർ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ ഇതോടെ കുടുങ്ങി. തൃശൂരിൽ നിന്നെത്തിയ ബസുകൾ റെയിൽവേ ഗേറ്റിന് സമീപം യാത്രക്കാരെ ഇറക്കി യാത്ര അവസാനിപ്പിച്ചു. ചെറു വാഹനങ്ങൾ കർണംകോട് ബസാർ വഴി തിരിച്ച് വിട്ടെങ്കിലും ഇവിടെയും ഗതാഗത കുരുക്കായി. ശബരിമല തീർത്ഥാടകർ വഴിയറിയാതെ ഇടവഴികളിൽ കുടുങ്ങി. തൃശൂരിൽ നിന്ന് വിദഗ്ദ്ധ സംഘമെത്തി ഉച്ചയ്ക്ക് ഒന്നരയോടെ ഗേറ്റിന്റെ തകരാർ പരിഹരിച്ചു..