തൃപ്രയാർ: സ്വാതന്ത്ര്യസമരസേനാനിയും, മണപ്പുറത്തെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന സി.കെ.ജി വൈദ്യർ നിര്യാതനായി. തൃപ്രയാറിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1926ൽ ചിറയത്ത് കോന്നൻ വൈദ്യരുടെയും പൊന്നിക്കുറുമ്പയുടെയും മകനായാണ് ജനനം. സോഷ്യലിസ്റ്റ് പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നിരോധിക്കപ്പെട്ട സ്റ്റുഡന്റ്സ് നാഷണൽ ഓർഗനൈസേഷനിലൂടെ രാഷ്ട്രീയത്തിലെത്തി. വിദ്യാർത്ഥി കോൺഗ്രസ് രൂപീകരിച്ചതോടെ രാഷ്ട്രീയത്തിൽ സജീവമായി. 1948ൽ കോട്ടയ്ക്കലിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചു. സോഷ്യലിസ്റ്റ് നേതാക്കളായ പട്ടം താണുപിള്ള, ആർ.എം മനക്കലാത്ത്, പി.ആർ കുറുപ്പ്, അരങ്ങിൽ ശ്രീധരൻ എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
1958ൽ തൃശൂർ കളക്ടറേറ്റിൽ നടന്ന ഭക്ഷ്യസമരത്തിന് നേത്യത്വം നൽകിയത് സി.കെ.ജി വൈദ്യരായിരുന്നു. പി.എസ്.പിയിൽ നിന്ന് രാജിവെച്ച വൈദ്യർ പിന്നീട് കോൺഗ്രസിലെത്തി. ജില്ലയിലെ ഉയർന്ന കോൺഗ്രസ് നേതാവായിരുന്നു. പഞ്ചകർമ്മ ചികിത്സയിലും സിദ്ധ ചികിത്സയിലും പ്രാവീണ്യം നേടി. വൈദ്യസേവനം സാമൂഹികസേവനമായി ഉപയോഗപ്പെടുത്തി.
നാട്ടിൽ വീടുകൾ തോറും കയറിയിറങ്ങി രോഗികളെ ചികിത്സിച്ച് ജനപ്രീതി നേടി. സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകുക എന്നതായിരുന്നു വൈദ്യരുടെ ലക്ഷ്യം. മണപ്പുറത്തെ പേടിപ്പെടുത്തിയ കോളറ കാലത്ത് കഞ്ഞി വിതരണകേന്ദ്രങ്ങൾ ആരംഭിച്ചത് പ്രത്യകം ശ്രദ്ധയാകർഷിച്ചിരുന്നു. 38 വർഷം ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ചു. രണ്ട് തവണ നാട്ടിക പഞ്ചായത്തംഗമായും സേവനമനുഷ്ഠിച്ചു. നാട്ടിക കോട്ടൺ മില്ലിന്റെ സ്ഥാപക നേതാവും ദീർഘകാലം തൃപ്രയാർ നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. ടി.എൻ പ്രതാപൻ എം.പി, ഗീതാഗോപി എം.എൽ.എ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ പരേതന്റെ വസതിയിലെത്തി ആദരാഞ്ജലികളർപ്പിച്ചു.