വടക്കാഞ്ചേരി: കർമ്മം ചെയ്യുമ്പോൾ ഞാൻ ചെയ്യുന്നുവെന്നും എനിക്കു വേണ്ടി ചെയ്യുന്നുവെന്നും ചെയ്യുന്ന കർമ്മത്തിന് ഫലം സിദ്ധിക്കണമെന്നും കരുതാതെ കേവലം ഒരു സാക്ഷീഭാവത്തിൽ മാത്രം ചെയ്യുമ്പോൾ ആ കർമ്മത്തിന് ശരിയായ ഫലവും തത്വ സാക്ഷാത്കാരവും ലഭിക്കുന്നുവെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി. പാർളിക്കാട് നൈമിഷാരണ്യത്തിൽ നടന്നുവരുന്ന ശ്രീമദ് ഭാഗവത തത്വസമീക്ഷാ സത്രത്തിൽ തത്വ പ്രവചനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർന്ന് സ്വാമി ഭൂമാനന്ദ തീർത്ഥയുടെ അദ്ധ്യക്ഷതയിൽ വിദ്യാർത്ഥികളുടെ വിഷ്ണു സഹസ്രനാമജപം, മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും നടന്നു. സ്വാമി നിഖിലാനന്ദ, കിഴക്കേടം ഹരി നാരായണൻ നമ്പൂതിരി എന്നിവരുടെ തത്വ പ്രവചനങ്ങളുമുണ്ടായി. ഇന്ന് രാവിലെ കംസക്രൗര്യത്തെ ചവിട്ടി കുതിച്ച യോഗമായാ പ്രഭാവത്തോടു കൂടി തത്വ പ്രവചനങ്ങൾ ആരംഭിക്കും. ജയലക്ഷ്മി ടീച്ചർ, കെ. ഭാസ്‌കരൻ നായർ, പാർവതി എസ്. രാമൻ, സ്വാമി ഭൂമാനന്ദ തീർത്ഥ, സ്വാമി നന്ദാത്മജാനന്ദജി തുടങ്ങിയവർ പ്രഭാഷണം നടത്തും.