തിരുവില്വാമല : അഗ്‌നിബാധയേറ്റ വില്വാദ്രിനാഥ ക്ഷേത്ര പുനരുദ്ധാരണത്തിനായുള്ള മര ഉരുപ്പടികൾ ക്ഷേത്രത്തിൽ കൊണ്ടുവന്നു. വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തിരുവില്വാമലയിൽ എത്തിയ മര ഉരുപ്പടികൾ മേൽശാന്തിമാരായ കേശവൻ നമ്പൂതിരി, അനിൽ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ പഴശ്ശിരാജാ സ്‌കൂൾ ചെയർമാൻ വി.എ. ശിവൻ നമ്പീശൻ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. മണി, ദേവസ്വം അസി കമ്മിഷണർ പി. ബിന്ദു, പഞ്ചായത്ത് മെമ്പർമാർ, വിവിധ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. പഞ്ചവാദ്യം, പൂതൻ തിറ എന്നിവയുടെ അകമ്പടിയോടെ വില്വാദ്രിനാഥ ഭജന സംഘത്തോടൊപ്പം തിരുവില്വാമലയിലെ പൗരാവലി 3 ലോറികളിലായി വന്ന മര ഉരുപ്പടികൾ ക്ഷേത്രസവിധത്തിലെത്തിച്ചു.
ചടങ്ങുകൾക്ക് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ.ബി. ദിവാകരൻ, സെക്രട്ടറി കെ. ജയപ്രകാശ് കുമാർ, ട്രഷറർ ടി.എൻ. രാജ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.