കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചാപ്പാറ കെ.എസ്.ഇ.ബി 66 കെ.വി സബ് സ്റ്റേഷനിൽ നിന്നും 110 കെ.വിയായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12ന് മന്ത്രി എം.എം മണി നിർവഹിക്കും. സബ് സ്റ്റേഷന് കീഴിലുള്ള ഏഴ് ഫീഡറുകളിലും വോൾട്ടേജ് ക്ഷാമത്തിനും അടിക്കടിയുള്ള കറന്റ് കട്ടിനും പരിഹാരമാകുന്നതാണ് പദ്ധതി. നഗരസഭയിലേയും എടവിലങ്ങ്, പുത്തൻചിറ എറിയാട്, എസ്.എൻ പുരം പഞ്ചായത്തുകളിലെ അമ്പതിനായിരം ഉപഭോക്താക്കൾക്ക് നേരിട്ടും 25000 പേർക്ക് പരോക്ഷമായും ഗുണം ലഭിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രനും കെ.എസ്.ഇ.ബി.അധികൃതരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചാപ്പാറ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന ചാലക്കുടി വരെയുള്ള 22 കിലോമീറ്റർ ദൂരത്തിൽ 88 ഫീഡറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പഴയ വൈദ്യുതി കമ്പികളും അനുബന്ധ ഉപകരണങ്ങളും മാറ്റി ശേഷി കൂടിയ കമ്പികളും ഉപകരണങ്ങളും സ്ഥാപിച്ചാണ് 110 കെ.വി സബ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കിയത്. ചാപ്പാറ ലേബർ സ്കൂളിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ.വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും.