ചാലക്കുടി: അന്നങ്ങനെയൊരു ദുർബുദ്ധി തോന്നിയില്ലായിരുന്നെങ്കിൽ.... സമ്പൂർണ്ണ സൂര്യഗ്രഹണം ദർശിച്ചതോടെ ഉണ്ടായ ദുരിതത്തിന്റെ ഓർമ്മ അയവിറക്കുകയാണ് കലിക്കൽക്കുന്ന് തേക്കാനത്ത് വീട്ടിൽ അന്തോണി. ഒരു പക്ഷേ ഇരുൾനിറഞ്ഞ,​ നാലു പതിറ്റാണ്ടായി തുടരുന്ന ഈ തടവറ ജീവിതം ചിലപ്പോൾ ഉണ്ടാകുമായിരുന്നില്ലെന്ന് അന്തോണിച്ചേട്ടൻ പറയുന്നു..

80 പിന്നിട്ട അന്തോണിച്ചേട്ടൻ ഇന്നു തീർത്തും കാഴ്ചയില്ലാത്തയാളാണ്. മങ്ങലിൽ തുടങ്ങി ഒടുവിൽ പൂർണ്ണമായും അന്ധകാരത്തിന്റെ പിടിയിലായ ഹതഭാഗ്യൻ. സൈക്കിളിൽ സിഗററ്റ് വിൽപ്പന നടത്തിയിരുന്ന അന്തോണിച്ചേട്ടൻ നാൽപത് വയസ് വരെ കിലോ മീറ്ററുകളോളം സൈക്കിൾ ചവിട്ടി ജീവിതം കരുപ്പിടിപ്പിച്ചിരുന്ന ആരോഗ്യ ദൃഢഗാത്രനായിരുന്നു. എല്ലാം തകിടം മറിച്ചത് 1980 ഫെബ്രുവരി 16 എന്ന ഇരുണ്ട ദിനമായിരുന്നു.

കേരളത്തിൽ സമ്പൂർണ്ണ സൂര്യഗ്രഹണമുണ്ടായ അന്ന് ഉച്ചമുതൽ ആളുകളാരും പുറത്തിറങ്ങിയില്ല. പക്ഷികളും കോഴികളും കൂടണഞ്ഞു. കടകളെല്ലാം അടച്ചിട്ടു. നാട്ടിൽ ബന്ദിന്റെ പ്രതീതി. എന്നാൽ 41 കാരൻ അന്തോണി ഇതൊന്നും വകവച്ചില്ല. സൈക്കിൾ ആഞ്ഞുചവിട്ടി. കൊരട്ടിയങ്ങാടിയിൽ തുറന്നിരിക്കുന്ന കടകളിൽ സിഗററ്റ് കൊടുക്കണം. അതായിരുന്നു ലക്ഷ്യം.

പൂട്ടാനൊരുങ്ങുന്ന പെട്ടിക്കടയിൽ സിഗറ്റ് നൽകിയ ശേഷം ചാലക്കുടിക്ക് മടങ്ങുമ്പോൾ പടിഞ്ഞാറോട്ട് നോക്കി. സൂര്യൻ ഇരുളിൽ മറയുന്ന കാഴ്ച ആവോളം ആസ്വദിച്ചു. നഗ്‌ന നേത്രം കൊണ്ട് ഗ്രഹണം കാണരുതെന്ന മുന്നറിയിപ്പൊന്നും ഓർത്തില്ല. എന്നാൽ വീട്ടിലെത്തിയ അന്തോണിയുടെ കണ്ണുകളിൽ രാത്രിയോടെ ധാരാളം വെള്ളം വന്നു.

കണ്ണിനു പുകച്ചിൽ. ചെറിയ ചികിത്സകൾ നടത്തി. രണ്ട് വർഷത്തിനു ശേഷം രാത്രികാലങ്ങളിൽ ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. പതുക്കെ പകൽ സമയത്തും കാഴ്ച മങ്ങി.

മങ്ങുന്ന കാഴ്ചയ്ക്കിടയിൽ കുറെക്കാലം വീടിനകത്ത് പലചരക്കു കട നടത്തി. ഒടുവിൽ പകലും രാത്രിയും ഒരുപോലെയായപ്പോൾ മൂത്തമകൻ ബാബുവിനെ കച്ചവടം ഏൽപ്പിച്ച് തന്റെ കൊച്ചുവീട്ടിൽ ഇരിപ്പായി. ഇതിനകം ചികിത്സയ്ക്കായി വലിയൊരു തുകയും ചെലവാക്കി. പിന്നീടെപ്പോഴോ ഒരു ഡോക്ടറാണ് പറഞ്ഞത്, ഗ്രഹണം കണ്ടതിന്റെ ഫലമാണ് കാഴ്ച നഷ്ടപ്പെടുത്തിയതെന്ന്. അന്തോണിയുടെ കണ്ണുകളിലേയ്ക്ക് വരുന്ന ഞരമ്പുകളാണ് ക്ഷയിച്ചത്. ഇയാളും ഭാര്യ മേരിയും മാത്രമാണ് ഇപ്പോൾ കലിക്കൽക്കുന്നിലെ വീട്ടിൽ താമസം. ബാബുവും ഇളയ മകൻ ജോഷിയും തൊട്ടടുത്ത വീടുകളിലുണ്ട്. ഇരുവരും പ്രരാബ്ധക്കാർ. ഇതിനിടയിൽ രണ്ടു തവണ ഹൃദയാഘാതം സംഭവിച്ച അന്തോണിയുടെ ജീവിതത്തിൽ ഇന്ന് ദുരിതവും സന്തത സഹചാരി. ഇയാൾക്കും ഭാര്യയ്ക്കും ലഭിക്കുന്ന പെൻഷനാണ് ഏക വരുമാനം. എല്ലാത്തിനും സഹായി മേരിയാണ്. ഇഷ്ടവിനോദമായ റേഡിയോയിൽ നിന്നും 26ലെ ഗ്രഹണത്തെക്കുറിച്ചെല്ലാം കേട്ടറിഞ്ഞു. എന്നാലിപ്പോൾ എല്ലാമൊരു മരവിപ്പ് മാത്രമാണ്.