കൊടുങ്ങല്ലൂർ: ഇരുവൃക്കകളും പ്രവർത്തന രഹിതയായതിനെ തുടർന്ന് വൃക്ക മാറ്റിവെക്കലിന് നിർബന്ധിതയായ നിർദ്ധന കുടുബത്തിലെ യുവതിക്ക് എടവിലങ്ങ് പഞ്ചായത്ത് 14-ാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരും മറ്റും ചേർന്ന് 50,600 രൂപ നൽകി. എടവിലങ്ങ് പഞ്ചായത്തിലെ കാര പുളിഞ്ചോട് മങ്ങാട്ടിൽ ഉണ്ണിക്കൃഷ്ണൻ മകൾ രേഷ്മയുടെ (23) ചികിത്സാ ധനസഹായാർത്ഥമാണ് തുക കൈമാറിയത്.
പഞ്ചായത്തിലെ എല്ലാ വാർഡിൽ നിന്നും ചികിത്സ സഹായം നൽകണമെന്ന അഭ്യർത്ഥനയുടെ ഭാഗമായാണ് പതിനാലാം വാർഡിലും ധനശേഖരണം നടത്തിയത്. ചികിത്സ സഹായ സമിതിക്ക് വേണ്ടി ഇ.കെ. സജീവൻ സംഖ്യ ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പർ ടി.എം. ഷാഫിയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കെ.കെ. രമേഷ് ബാബു, കെ.കെ. ഉണ്ണിക്കൃഷ്ണൻ, പൊതുപ്രവർത്തകരായ ഷെമീർ കടമ്പോട്ട്, വി.കെ. കുഞ്ഞുമയ്തീൻ, സി.ഡി.എസ് അംഗം ലീന അജയഘോഷ്, രമ ബാബുരാജ് എന്നിവർ സംസാരിച്ചു.