കൊടുങ്ങല്ലൂർ: ഹണി ട്രാപ്പിൽപെടുത്തി യുവാവിൽ നിന്നും വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് വീണ്ടും ബന്ദിയാക്കി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തൃശൂർ പള്ളത്ത് പറമ്പിൽ അരുൺകുമാർ മകൻ അനൂപ് കുമാറിനെയാണ് (24) കൊടുങ്ങല്ലൂർ പൊലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ പി.കെ പത്മരാജൻ, എസ്.ഐമാരായ ഇ.കെ ബൈജു, സി.പി.ഒമാരായ മുഹമ്മദ് റാഫി, സന്ദീപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റൊരു പ്രതിയായ വള്ളിവട്ടം സ്വദേശിനി ഷെമീനയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പണം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് കൊടുങ്ങല്ലൂരിലെ അപ്പാർട്ട്മെൻറിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബന്ദിയാക്കി ക്രൂരമായി മർദ്ദിച്ച്, ഭീഷണിപ്പെടുത്തി ഫോട്ടോയും വീഡിയോയും മൊബൈൽഫോണിൽ പകർത്തി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു..