തൃശൂർ : മാനസിക രോഗാശുപത്രിയിൽ നിന്ന് പൊലീസുകാരെ ആക്രമിച്ച് ചാടിപ്പോയ ഏഴ് തടവുകാരിൽ ആറുപേരും പിടിയിൽ. ഇന്ന് രാവിലെയാണ് ആറാമനായ പാലക്കാട് ഇരട്ടക്കുളം ഉരുക്കൻപൊറ്റ വീട്ടിൽ വിജയൻ @ റോബർട്ടാണ് ( 43) പിടിയിലായത്. രാവിലെ ദിവാൻജി മൂലയിൽ ഡ്യൂട്ടി ചെയ്തിരുന്ന തൃശൂർ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ റിജോയ് ആണ് ഇയാളെ പിടികൂടിയത്. സംശയാസ്പദമായ രീതിയിൽ കണ്ടതോടെ പിടികൂടുകയായിരുന്നു.
വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ ഇയാൾ മാനസിക രോഗാശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. കൊഴിഞ്ഞാമ്പാറ, കൊല്ലങ്കോട്, പാലക്കാട് പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇതോടെ ചാടിപ്പോയവരിലെ അവസാനത്തെയാളായ തൻസീർനായി പൊലീസ് കൂടുതൽ അന്വേഷണമാരംഭിച്ചു. ഡിസംബർ 17 ന് രാത്രി എട്ടോടെ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ മുറിയിൽ പൂട്ടിയിട്ടാണ് ഇവർ രക്ഷപെട്ടത്. ഇതിൽ രാഹുലിനെ അന്ന് രാത്രി തന്നെ ഒളരിയിൽ നിന്ന് പിടികൂടിയിരുന്നു.
രക്ഷപെട്ട വഴി
പടിഞ്ഞാറെക്കോട്ടയിൽ നിന്ന് വിളിച്ച ഓട്ടോയിൽ അഞ്ചംഗ സംഘം അങ്കമാലിയിലെത്തി മറ്റൊരു ഓട്ടോ വിളിച്ച് എല്ലാവരും കൂടി പുതുവൈപ്പിലുളള നിഖിലിന്റെ വീട്ടിലെത്തി. മൊബൈൽ ഫോണും, ഡ്രസുകളുമെടുത്താണ് സ്ഥലം വിട്ടത്. കണ്ടവിവരം ആരെയും അറിയിക്കരുതെന്നും, അറിയിച്ചാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് അരൂരിലുള്ള വിഷ്ണുവിന്റെ വീട്ടുപരിസരത്ത് തമ്പടിച്ചു. പിറ്റേദിവസം എല്ലാവരും പോയപ്പോൾ വിഷ്ണു തനിച്ചായി. പൊലീസെത്തി വിഷ്ണുവിനെ പൊക്കി. ഉടൻ വിബിനെയും പിടികൂടി
വഞ്ചിച്ച കാമുകിയെ ഓർത്ത് ജിതീഷ്
എറണാകുളം മഹിളാ മന്ദിരത്തിലുള്ള കാമുകിയെ തേടി ജിതീഷെത്തി രാത്രി തൊട്ടടുത്ത ഷെഡിൽ കിടന്ന് ഉറങ്ങി. രാവിലെ മഹിളാ മന്ദിരത്തിലെ അന്തേവാസിയായ കാമുകിയെ കാണുന്നതിന് ശ്രമിച്ചപ്പോഴാണ് കാമുകിയുടെ വിവാഹം തീരുമാനിച്ച വിവരം അറിയുന്നത്. കാമുകിയെ കാണാൻ കഴിയാത്തതിലും വഞ്ചിച്ച വിഷമത്തിലും ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ബ്ലേഡ് കൊണ്ട് ഇടത് കൈത്തണ്ടയിൽ സ്വയം മുറിവേൽപ്പിച്ചത് കണ്ട നാട്ടുകാരാണ് ഇയാളെ തൊട്ടടുത്ത പ്രൈമറി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചത്. വിവരം അറിഞ്ഞയുടനെ പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇതോടൊപ്പം വീട്ടിലെത്തിയ ഉടൻ നിഖിലിനെയും ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ നിർദ്ദേശ പ്രകാരം സിറ്റി എ.സി.പി വി.കെ രാജു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.