തൃശൂർ : മുനിസിപ്പാലിറ്റിയായിരിക്കുമ്പോഴും പിന്നീട് കോർപറേഷൻ ആയപ്പോഴും വഞ്ചിക്കുളത്തേക്ക് ഫണ്ട് ഒഴുകിയതിന് കൈയും കണക്കുമില്ല. എല്ലാ ഭരണ സമിതികൾ വരുമ്പോഴും വഞ്ചിക്കുളത്തിന്റെ വികസനം ഉയർത്തിക്കാട്ടുകയും അതിനായി കോടികൾ നീക്കി വയ്ക്കാറുണ്ടെങ്കിലും ഇതുവരെ ജനങ്ങളെ അവിടേക്ക് ആകർഷിക്കാൻ സാധിക്കുന്ന ഒരു പദ്ധതിയും പൂർത്തിയാക്കാനായിട്ടില്ല. പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തീകരിച്ചിരുന്നെങ്കിൽ നഗരത്തിലെ ഏറ്റവും അധികം ആളുകളെ ആകർഷിക്കുന്ന സ്ഥലമായി വഞ്ചിക്കുളം മാറിയേനെ.

എന്നാൽ ഇപ്പോഴും വഞ്ചിക്കുളത്തെ വെള്ളം മലിനമാണ്. ഹാപ്പി ഫെസ്റ്റിന്റെ ഭാഗമായി ഫൗണ്ടൻ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ വന്ന് ഇരിക്കാനുള്ള ഇരിപ്പിടം പോലും ഇല്ല. വഞ്ചിക്കുളത്ത് കാലങ്ങളായി നടക്കുന്ന നിർമ്മാണ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതി പ്രകാരവും ഡി.ടി.പി.സിയും കോർപറേഷനുമെല്ലാം ഫണ്ടുമായി ഇവിടെ കറങ്ങുകയാണ്. മൂന്നു വിഭാഗങ്ങളുടെ ഫണ്ടുകളുപയോഗിച്ചുള്ള പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടു. ഡി.ടി.പി.സിയുടെ നിർമ്മാണ പ്രവർത്തനം നിർമ്മിതിയും കോർപറേഷന്റെയും അമൃത് ഫണ്ടിന്റെയും നിർമ്മാണം കരാറുകാരുമാണ്. ഇതിനിടെ വഞ്ചിക്കുളം ഉൾപ്പെടെ നഗര വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഡെപ്യുട്ടി മേയർ, ഡി.പി.സി മെമ്പർ, നഗരാസൂത്രണ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

അമൃത് പദ്ധതി ഇങ്ങനെ

ടോയ്‌ലറ്റ് നിർമ്മാണം, ഗാർഡൻ, കുളത്തിന് പുറത്ത് ഫൗണ്ടൻ ഉൾപ്പെടെയുള്ള പ്രവർത്തനം

ഡി.ടി.പി.സി​ - കോർപറേഷൻ

കനാലിന്റെ സംരക്ഷണ ഭിത്തി കെട്ടൽ, കുളത്തിന്റെ നവീകരണം, ഇരിപ്പിടങ്ങളുടെ നിർമ്മാണം

ലഭ്യമായ ഫണ്ട്

അമൃത് പദ്ധതി പ്രകാരം 89 ലക്ഷം

കോർപറേഷൻ ഫണ്ട് 3 കോടി

ഡി.ടി.പി.സി ഫണ്ട് 2 കോടി

......


ഇപ്പോൾ നടക്കുന്ന പ്രവർത്തനം മാർച്ച് മാസത്തോടെ പൂർത്തിയാക്കാനാകും. നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയായി. കനാലിന്റെ 800 മീറ്റർ സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവർത്തനം പൂർത്തിയായി.

(അനൂപ് ഡേവിസ് കാട, നഗരാസൂത്രണ സമിതി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ)