തൃശൂർ: തരിശായി കിടക്കുന്ന കോൾപ്പാടങ്ങളിലും കനാലുകളിലും സൗരോർജ പദ്ധതികൾ കൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. തൃശൂർ കോർപറേഷൻ സർക്കാർ ആശുപത്രിയിൽ സ്ഥാപിക്കുന്ന 150 കിലോ വാട്ട് സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം ജനറൽ ആശുപത്രി പരിസരത്തു നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജല വൈദ്യുത പദ്ധതിയും, മാലിന്യത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കലും ചെലവേറിയതാണ്. അതിനാൽ താരതമ്യേന ചെലവ് കുറഞ്ഞ സൗരോർജ പദ്ധതികൾ പ്രചാരത്തിൽ കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ കരാർ കൈമാറ്റം മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിച്ചു. മൂന്നു മാസം കൊണ്ടുതന്നെ പദ്ധതി പൂർത്തീകരിക്കും. ചെന്നൈയിലെ സൺ ടാസ്റ്റിക് എന്ന സ്ഥാപനമാണ് ഈ പദ്ധതി സാക്ഷാത്കരിക്കുന്നത്. പ്ലാന്റ് ജനറൽ ആശുപത്രിയിലെ അഞ്ച്, ആറ് വാർഡുകളിലെ കെട്ടിടങ്ങളിലും, പറവട്ടാനി സ്റ്റോറിലുമായാണ് നിർമിക്കുന്നത്. ജനറൽ ആശുപത്രിയിൽ പുതുതായി വാങ്ങിയ ആംബുലൻസിന്റെ ഉദ്ഘാടനവും മന്ത്രി എം.എം. മണി നിർവഹിച്ചു. ഡെപ്യൂട്ടി മേയർ റാഫി പി. ജോസ്, കെ.എസ്.ഇ.ആർ.സി ചെയർമാൻ പ്രേമൻ ദിനരാജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. ശ്രീദേവി, എം.എൽ. റോസി, ശാന്ത അപ്പു, ഡിപിസി മെമ്പർ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർ പ്രസംഗിച്ചു.