തൃശൂർ: ശ്രീനാരായണ ഗുരുദേവന്റെ ദർശനം ലോകത്തിന്റെ നാനാഭാഗത്തും എത്തിക്കാൻ കഴിയണമെന്നും അതിനുള്ള ശ്രമങ്ങളാണ് 'ഏകാത്മകം ' പോലുള്ള ആവിഷ്കാരങ്ങളെന്നും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റും 'ഏകാത്മകം' ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തിന്റെ നേതൃത്വത്തിൽ ജനുവരി 18 ന് നടക്കുന്ന, ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനി പാട്ടിന്റെ നൃത്താവിഷ്‌കാരമായ 'ഏകാത്മകം മെഗാ ഇവന്റി'ന് മുന്നോടിയായി ജില്ലാതല ഗ്രൗണ്ട് റിഹേഴ്‌സൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏഴായിരത്തിലേറെ നർത്തകിമാർ ഈ നൃത്താവിഷ്കാരത്തിന് രജിസ്ട്രേഷൻ നടത്തിയെന്നത് അഭിമാനാർഹമാണെന്നും വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും യോഗത്തിന്റെയുമെല്ലാം പ്രവർത്തകരുടെ മികവു കൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു. യോഗം കൗൺസിലർ ബേബി റാം അദ്ധ്യക്ഷത വഹിച്ചു. 'ഏകാത്മകം' പ്രൊമോ വീഡിയോ പ്രകാശനം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ നിർവഹിച്ചു. കൽദായ സുറിയാനി സഭ മെത്രാപ്പൊലീത്ത ഡോ. മാർ അപ്രേം മുഖ്യാതിഥിയായി. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ സന്ദേശം നൽകി. മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഉപഹാര സമർപ്പണം നടത്തി. യോഗം കൗൺസിലർ ഷീബ, വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കൃഷ്ണകുമാരി, 'ഏകാത്മകം' കോറിയോഗ്രാഫർ ഡോ. ധനുഷ സന്യാൽ, പോൾസൺ എന്നിവർ പങ്കെടുത്തു. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ സ്വാഗതവും മണ്ണുത്തി യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ നന്ദിയും പറഞ്ഞു. മാർ അപ്രേം മെത്രാപ്പൊലീത്ത സുറിയാനി ഭാഷയിലേക്ക് തർജ്ജമ ചെയ്ത ദൈവദശകം റോസ് മേരി ആലപിച്ചു.