മാള: കുഴൂർ പഞ്ചായത്തിലെ വട്ടക്കുളം ജലസേചന പദ്ധതിയെ കുളമാക്കി ചെറുകിട ജലസേചന വകുപ്പ് കർഷകരെ കണ്ണീരിലാഴ്ത്തുന്നു. വേനൽ കടുത്തതോടെ ജലസേചനം മാത്രമല്ല കുടിവെള്ള ക്ഷാമവും മേഖലയിൽ രൂക്ഷമാവുകയാണ്. കുഴൂർ പഞ്ചായത്തിൽ ആദ്യം പ്രവർത്തിപ്പിക്കുന്നത് വട്ടക്കുളം പദ്ധതിയാണ്. പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിലായി 350 ഹെക്റ്ററിലധികം കൃഷിയിടങ്ങളാണ് ഈ ജലസേചന പദ്ധതിയെ ആശ്രയിക്കുന്നത്.
നൂറ് കുതിരശക്തിയുടെ രണ്ട് മോട്ടോറുകളാണ് ഇവിടെയുള്ളത്. വേനൽ വന്നതോടെ ജലസേചന വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം മോട്ടോറുകൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിരിക്കുകയാണ്. മോട്ടോറുകളുടെ പമ്പ് സെറ്റ് കൊണ്ടുപോയിട്ട് രണ്ടാഴ്ചയിലധികമായിട്ടും തകരാർ പരിഹരിച്ച് തിരിച്ചെത്തിക്കാൻ കഴിഞ്ഞിട്ടില്ല. പോളക്കുളം, താണിശ്ശേരി, തുമ്പരശേരി തുടങ്ങിയ മേഖലകളിലെ ജലസേചനവും കുടിവെള്ളവും ഈ പദ്ധതിയെ ആശ്രയിച്ചാണുള്ളത്. മോട്ടോറും പമ്പും തകരാർ പരിഹരിക്കുന്നതിന് കരാർ എടുക്കാൻ ആളില്ലെന്നാണ് ജലസേചന വകുപ്പ് നൽകുന്ന വിശദീകരണം.
മുൻകാലങ്ങളിൽ ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിൽ പമ്പിംഗ് തുടങ്ങാറുണ്ട്. വട്ടക്കുളം പദ്ധതി പ്രവർത്തിക്കാത്തത് കാർഷിക മേഖലയിൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കരിക്കാട്ടുചാലിൽ ആവശ്യത്തിന് വെള്ളം ലഭ്യമായിട്ടും പദ്ധതി കാര്യക്ഷമമാക്കാൻ കഴിഞ്ഞിട്ടില്ല. ചാലിലൂടെ ചാലക്കുടിപ്പുഴയിൽ നിന്നാണ് വെള്ളമെത്തുന്നത്. പ്രശ്നങ്ങൾക്ക് എന്ന് പരിഹാരമാകുന്ന ആശങ്കയിലാണ് കർഷകരിപ്പോൾ.
..........................
പദ്ധതി അവതാളത്തിലായി കിടക്കുന്നത് ചെറുകിട ജലസേചന വകുപ്പ് അധികൃതരുടെ അനാസ്ഥയാലാണ്
- എൻ.ഡി. പോൾസൺ (കുഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
വേനൽ ആകുന്നതിന് മുൻപ് മോട്ടോറുകളുടെ അറ്റകുറ്റപ്പണി നടത്താതെ അധികൃതർ അവഗണിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്
- വി.എസ്. നാരായണൻ (കർഷകൻ)
കുഴൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഈ ജലസേചന പദ്ധതി വേഗത്തിൽ പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും
- സാജൻ കൊടിയൻ (കുഴൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്)