തൃശൂർ : കോൺഗ്രസും ഇടതുപക്ഷവും ചേർന്ന് മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് കലാപത്തിന് ശ്രമിച്ചാൽ ബി.ജെ.പി അതിനെ ചെറുത്ത്‌ തോൽപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലീം വിഭാഗത്തിന്റെ ദുർബല വികാരങ്ങളെ ചൂഷണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പിണറായി വിജയനും ചെന്നിത്തലയും ശ്രമിക്കുന്നത്. ഈ നിയമ ഭേദഗതി പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്കായുള്ളതാണ്. മഹാത്മാഗാന്ധിയും, നെഹ്‌റുവും, മൻമോഹൻ സിംഗും കോൺഗ്രസും അടക്കമുള്ളവർ നിരവധി തവണ ആവശ്യപ്പെട്ടതാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയത്. കോഴിക്കോട് നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകണമെന്ന് പ്രമേയം പാസാക്കിയതാണ്. അഭയാർത്ഥികൾക്കും പൗരത്വം നൽകും. നുഴഞ്ഞ് കയറ്റക്കാർക്കും, തൊഴിൽ തേടി വന്നവർക്കും പൗരത്വം നൽകില്ല. ചൈനയിൽ മുസ്ലീം മതവിഭാഗങ്ങൾക്ക് മതസ്വാതന്ത്ര്യമില്ല. ഇന്ത്യയിൽ സെക്യൂലറിസം പറയുന്ന സി.പി.എം ചൈനയിലെ മതവിഭാഗത്തിനായി പ്രമേയം പാസാക്കാൻ തയ്യാറാകണമെന്ന്‌ കെ. സുരേന്ദ്രൻ പറഞ്ഞു. 28, 29, 30 തിയ്യതികളിൽ ജനജാഗ്രതാ സമ്മേളനങ്ങൾ, ജനുവരി 3 മുതൽ 10 വരെ ഗൃഹസമ്പർക്കം, സംവാദസഭകൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ കൗൺസിൽ അംഗങ്ങളായ കെ.വി. ശ്രീധരൻ മാസ്റ്റർ, പി.എസ്. ശ്രീരാമൻ, പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.കെ. അനീഷ്‌കുമാർ എന്നിവർ സംസാരിച്ചു.