തൃശൂർ : അപൂർവ ആകാശ വിസ്മയമായ വലയ സൂര്യഗ്രഹണം ആസ്വദിക്കാൻ രാമവർമപുരത്തുള്ള വിജ്ഞാൻ സാഗറിൽ ആയിരത്തോളം പേർ എത്തി. ജില്ലാ കളക്ടർ എസ്. ഷാനവാസ് ഗ്രഹണ കാഴ്ച്ചയ്ക്ക് നേതൃത്വം നൽകി. പ്രത്യേകം തയ്യാറാക്കിയ സൗരക്കണ്ണട വെച്ച് സുരക്ഷിതമായാണ് വലയ ഗ്രഹണം കണ്ടത്. വിജ്ഞാൻ സാഗറിൽ ശാസ്ത്ര സാങ്കേതിക പാർക്കും ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായാണ് ഗ്രഹണം കാണാൻ സൗകര്യമൊരുക്കിയത്. ഡയറ്റിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും അടക്കം ആയിരത്തിലധികം ആളുകൾ എത്തിയിരുന്നു.
രാവിലെ 8.10 മുതൽ 9.30 വരെ നിരീക്ഷണവും തുടർന്ന് ഗ്രഹണത്തെ കുറിച്ച് ക്ലാസും നടന്നു. പിൻ ഹോൾ ക്യാമറയും ടെലിസ്‌കോപ്പും സജ്ജമാക്കിയിരുന്നു. മേയർ അജിതാ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയ പ്രകാശ്, എം. പദ്മിനി, റെജി ജോസഫ്, ടി.ജി ശങ്കരനാരായണൻ, പി.ആർ സുരേഷ് ബാബു, വിജ്ഞാൻ സാഗർ പാർക്ക് ഡയറക്ടർ ഡോ. ഡയസ് എന്നിവർ പങ്കെടുത്തു. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം കെ. എസ് സുധീർ, വിജ്ഞാൻസാഗർ ഉപദേശകൻ ഡോ. ടി.ആർ ഗോവിന്ദൻ കുട്ടി, ടെക്‌നിക്കൽ ഓഫീസർ വി. എസ്. ശ്രീജിത്ത് എന്നിവർ വിശദീകരണ ക്ലാസെടുത്തു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ തേക്കിൻകാട് മൈതാനത്തെ കിഴക്കേ ഗോപുരനടയിൽ നടന്ന ഗ്രഹണക്കാഴ്ചയ്ക്ക് പ്രൊഫ. കെ.ആർ. ജനാർദ്ദനൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, സി.വിമല , പി .കെ. വിജയൻ, മേഖലാ സെക്രട്ടറി ടി. കെ. സത്യൻ എന്നിവർ നേതൃത്വം നൽകി. സൗരക്കണ്ണട വിതരണവും സംശയനിവാരണവും ലഘുഭക്ഷണവും ഉണ്ടായിരുന്നു.