എരുമപ്പെട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിലെ മതേതരവാദികൾ ഒന്നിച്ചു നിന്ന് പോരാടുമ്പോൾ അതിന് തുരങ്കം വയ്ക്കാനാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. മുതിർന്ന സി.പി.എം നേതാവും വേലൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.കെ. നമ്പീശൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ വാദത്തോട് എക്കാലത്തും മൃദുസമീപനം പുലർത്തുന്ന കോൺഗ്രസാണ് ഇന്ത്യയുടെ ഭരണം വർഗീയവാദികളുടെ കൈകളിൽ എത്തിച്ചത്. പൗരത്വ ബില്ലിനെതിരെ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിൽ കേരളത്തിൽ നടന്ന സർവ്വകക്ഷി സമരം ഇന്ത്യ മുഴുവൻ സ്വാഗതം ചെയ്യുകയും ജനാധിപത്യ വിശ്വാസികൾക്ക് അത് വലിയ ആത്മവിശ്വാസം നൽകുകയും ചെയ്തു. വർഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെ രാജ്യം മുഴുവൻ ഒന്നിച്ച് കൈകോർക്കുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചില കോൺഗ്രസ് നേതാക്കളും ഈ ഐക്യത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസുമായി യോജിച്ച് സമരം ചെയ്യാൻ സി.പി.എം തയ്യാറാണെന്നും മന്ത്രി എം.എം. മണി പറഞ്ഞു.
സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവിയർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുതിർന്ന നേതാക്കളായ എ. പത്മനാഭൻ, കെ.എസ്. ശങ്കരൻ, കെ.എം. മൊയ്തു, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, പി.കെ. മുരളി മാസ്റ്റർ, ടി.ആർ. ഷോബി, ഗോപി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി പ്രകടനവും നടന്നു.