കൊടുങ്ങല്ലൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തെ കുറിച്ചുള്ള തർക്കങ്ങൾ ചരിത്ര വസ്തുതകളെ വളച്ചൊടിക്കലാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു. സി.പി.ഐ തൊണ്ണൂറ്റി അഞ്ചാം വാർഷിക ദിനത്തോട് അനുബന്ധിച്ച് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1964 വരെ, 1925ൽ കാൺപൂരിൽ പാർട്ടി സ്ഥാപനം നടന്ന കാര്യത്തിൽ തർക്കമുണ്ടായിട്ടില്ല. പി.സുന്ദരയ്യയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ വിഷയത്തിൽ വ്യക്തത വരുത്തിയിട്ടുള്ളതുമാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സന്ദർഭത്തിൽ സി.പി.എം ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് ചരിത്ര വസ്തുതകളുമായി ബന്ധമില്ലാത്തതാണെന്നും അദ്ദേഹം കൂട്ടി ചേർത്തൂ. പുനരേകീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സംഘപരിവാർ ശക്തികൾക്കെതിരെ മതേതര ഭാരതം നടത്തുന്ന പോരാട്ടങ്ങളിൽ എല്ലാവരും അണിചേരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.പി. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ അഡ്വ.വി.ആർ സുനിൽകുമാർ എം.എൽ.എ, മുൻ നഗരസഭാ ചെയർമാൻ സി.സി വിപിൻചന്ദ്രൻ, ടി.എൻ വേണു തുടങ്ങിയവർ പ്രസംഗിച്ചു.