ഗുരുവായൂർ: സൂര്യഗ്രഹണത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രനട നാലുമണിക്കൂർ അടഞ്ഞുകിടന്നു. സൂര്യഗ്രഹണമായതിനാൽ ഇന്നലെ രാവിലെ ശീവേലി കഴിഞ്ഞ ഉടൻ പന്തീരടിപൂജ നടത്തി. ക്ഷേത്ര ദർശനത്തിനുള്ള വരി ഏഴരയോടെ അവസാനിപ്പിച്ച ശേഷമാണ് ക്ഷേത്ര നട അടച്ചത്. പിന്നീട് ഗ്രഹണം കഴിഞ്ഞ് ശുദ്ധി വരുത്തിയ ശേഷം പതിനൊന്നര കഴിഞ്ഞാണ് ക്ഷേത്രം തുറന്നത്. ഗ്രഹണം കഴിഞ്ഞ ശേഷമാണ് ഉച്ചപ്പൂജയ്ക്കുള്ള നിവേദ്യസാധനങ്ങൾ തയ്യാറാക്കിയത്. ഇതിനാൽ ഇന്നലെ പാൽപ്പായസം വഴിപാടും ഉണ്ടായില്ല. ക്ഷേത്രത്തിൽ പ്രസാദ ഊട്ടും ഉണ്ടായിരുന്നില്ല.