ചാലക്കുടി: മേലൂർ പൂലാനിയിൽ വീടിനോട് അനുബന്ധിച്ച ഷെഡ്ഡ് തീപിടിച്ചും പാചക വാതക സിലിറ്റണ്ടർ പൊട്ടിത്തെറിച്ചും ഗൃഹനാഥന് ഗുരുതര പരിക്ക്. തൊട്ടടുത്ത് നിന്നിരുന്ന ആറു പശുക്കൾക്കും പൊള്ളലേറ്റു. കുവ്വക്കാടൻ സുബ്രഹ്മണ്യ(50)നാണ് ദേഹമാസകലം പൊള്ളലേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ നാലിനായിരുന്നു സഭവം.
പശു പരിപാലനത്തിന് വീടിന്റെ പിൻഭാഗത്ത് എത്തിയതായിരുന്നു സുബ്രഹ്മണ്യൻ. ഷെഡിനകത്തെ അടുപ്പിൽ നിന്നുമായിരുന്നു തീപിടുത്തം. ചകിരിയിലേക്കും വിറകളിലേക്കും പടർന്ന തീ നിമിഷനേരം കൊണ്ട് ആളിപ്പടർന്നു. ഇതോടനുബന്ധിച്ചുള്ള തൊഴുത്തിലായിരുന്നു പശുക്കളെ കെട്ടിയിരുന്നത്. തീയണയ്ക്കാൻ സുബ്രഹ്മണ്യൻ ശ്രമിക്കുന്നതിനിടെ അടുത്തുവച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ 30 മീറ്റർ അകലേക്ക് ഇയാൾ തെറിച്ചുവീണു.
വീടിന്റെ പിൻഭാഗത്ത് മുഴുവൻ ജനൽ ഗ്ലാസുകളും തകർന്നു. തൊട്ടടുത്ത നാടേലി ശങ്കരൻകുട്ടി നായരുടെ വീടിന്റെ ജനലും തകർന്നു. സുബ്രഹ്മണ്യന്റെ ഭാര്യ സിന്ധു ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ഇവർ പശുക്കളെ മാറ്റിക്കെട്ടുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. 70 ശതമാനം പൊള്ളലേറ്റ സുബ്രഹ്മണ്യന്റെ നില അതീവ ഗുരുതരമാണ്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. ചാലക്കുടിയിൽ നിലയിൽ നിന്നുമെത്തിയ അഗ്‌നിശമന സേനാ വിഭാഗവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
കൊരട്ടി പൊലീസും ഉടൻ സംഭവ സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബുവിന്റെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ രക്ഷാപ്രവർത്തനം. പെള്ളലേറ്റതിൽ ഒരു പശു പൂർണ്ണ ഗർഭിണിയുമാണ്. മറ്റു രണ്ടു പശുക്കളുടെ നിലയും ഗുരുതരമാണ്.