തൃശൂർ: അറിവിന്റെ മേഖലയിൽ സഞ്ചരിക്കുന്ന ഏതൊരാളും ഒടുക്കം എത്തിച്ചേരുക വിനയത്തിലാണെന്നും അജ്ഞത പടിപടിയായി വെളിപ്പെട്ടു കിട്ടുമെന്നതാണ് അറിവു നേടുമ്പോഴുള്ള ഗുണമെന്നും എം.കെ സാനു. പി.വി കൃഷ്ണൻ നായരുടെ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുഭവിച്ചു മാത്രം മനസിലാക്കാനാവുന്നതും മറ്റാർക്കും പിടി കിട്ടാത്തതുമായ ഒന്നാണു വാർദ്ധക്യമെന്നും അദ്ദേഹം പറഞ്ഞു. തേറമ്പിൽ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 'ഇന്ത്യ: സമൂഹം ദർശനം കല' എന്ന പുസ്തകം ടി.എൻ പ്രതാപൻ എംപി കവി രാവുണ്ണിക്ക് നൽകിയും 'ഇന്ത്യൻ ജനാധിപത്യ സംസ്‌കാരം' എന്ന പുസ്തകം പി. ചിത്രൻ നമ്പൂതിരിപ്പാട് പാർവതി പവനന് നൽകിയും പ്രകാശനം ചെയ്തു. ഡോ. കൽപ്പറ്റ ബാലകൃഷ്ണൻ, എം.പി സുരേന്ദ്രൻ, വി.ജി തമ്പി, എൻ. ശ്രീകുമാർ, ഇ.ഡി ഡേവിസ്, ഗ്രീൻ ബുക്‌സ് എം.ഡി കൃഷ്ണദാസ്, ഷീബ അമീർ, പി. സരസ്വതി, ഗയ പുത്തകച്ചാല പ്രതിനിധി സുഷിത് ശിവദേവൻ, സി.എ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.