തൃശൂർ : മുട്ടിന് മുട്ടിന് നഗരക്കുരുക്കഴിക്കൽ പ്രഖ്യാപനം ഉണ്ടാകുമ്പോഴും നടപടിയാകാതെ വികസന പദ്ധതികൾ. ദിവാൻജിമൂല പാലത്തിന് പിന്നാലെ ഫണ്ടില്ലാത്തതിനാൽ എം.ജി റോഡ് വീതി കൂട്ടലും പ്രതിസന്ധിയിലായി.

കുരുക്ക് അനുഭവപ്പെടുന്ന റോഡുകളിൽ ഒന്നായ എം.ജി റോഡ് വികസനം ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഏങ്ങുമെത്താൻ ഇടയില്ലെന്ന് വ്യക്തമായി.

ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ ഭൂവുടമകൾക്ക് ആവശ്യമായ തുക നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് കോർപറേഷൻ. രണ്ട് മാസം മുമ്പ് സർവേ നടത്തിയിരുന്നു. ഒരു മാസം കൊണ്ട് പൊളിക്കൽ നടപടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ നടപടികളെല്ലാം നിലച്ച മട്ടാണ്.

വ്യാപാരികളുടെ സഹകരണത്തോടെ സർവേ വകുപ്പ് രണ്ടാമത്തെ അളവ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഏറെ തർക്കങ്ങൾ ഉയരുന്നുണ്ട്. നേരത്തെ 21 മീറ്റർ അളന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ 25 മീറ്ററെങ്കിലും വീതി ഉണ്ടെങ്കിലേ പൂർണ്ണമായും കുരുക്കഴിക്കാൻ സാധിക്കൂ. അങ്ങനെ വന്നാൽ നിരവധി കച്ചവടക്കാരെ മാറ്റേണ്ടി വരും.

നടുവിലാൽ മുതൽ കോട്ടപ്പുറം പാലം കഴിഞ്ഞ് പാറയിൽ എജൻസീസ് വരെയാണ് വീതി കുറവുള്ളത്. ഭൂമി ഏറ്റെടുക്കലിന് സർക്കാർ തുക അനുവദിക്കാത്തതും തടസമായി. മന്ത്രിമാർ, എം.പി.മാർ, എം.എൽ.എമാർ എന്നിവരുടെ സഹായം കൂടി ലഭിച്ചാലേ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാൻ കഴിയൂവെന്ന അവസ്ഥയിലാണ് കോർപറേഷൻ.

ഇടുങ്ങിയ വഴികളും അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കാരങ്ങളും മൂലം യാത്രക്കാർ നഗരത്തിലെത്തിയാൽ വലയുകയാണ്. കഴിഞ്ഞ എതാനും നാളുകളായി രാവിലെയും വൈകീട്ടും നഗരത്തിലുടെ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.

..........

25 മീറ്ററാണെങ്കിൽ ഭൂമി ഏറ്റെടുക്കാൻ വേണ്ട തുക 107 കോടി
റോഡ് വികസനത്തിന് തുക വേറെ കണ്ടെത്തണം

............


കോർപറേഷന്റെ സ്വന്തം അക്കൗണ്ടിൽ നിന്ന് ഇത്രയധികം തുക ചെലവഴിക്കാനാകില്ല. എന്നിരുന്നാലും മറ്റ് മാർഗങ്ങൾ കണ്ടെത്തി റോഡ് വികസനം പൂർത്തിയാക്കാമെന്നാണ് വിശ്വാസിക്കുന്നത്.


(അജിതാ വിജയൻ, മേയർ)