തൃശൂർ : വിവാഹ വീടിന്റെ തിരക്കിലാണ് വൃദ്ധസദനം. രാമവർമ്മ പുരം വൃദ്ധസദനം കല്യാണത്തിന്റെ ഉത്സവത്തിമിർപ്പിലാണ്. വൃദ്ധസദനത്തിലെ ശ്രദ്ധാ കേന്ദ്രമായി മാറിയ 67കാരന് കൊച്ചനിയൻ മേനോനും, 66കാരി ലക്ഷ്മി അമ്മാളും ഇന്ന് വിവാഹിതരാവുകയാണ്. ജീവിക്കാൻ തണലേകിയ സർക്കാർ, ഒന്നിച്ചുജീവിക്കാനും അവസരമൊരുക്കിയപ്പോൾ കൊച്ചനിയനും ലക്ഷ്മി അമ്മാളും പുതുജീവിതത്തിലേക്ക് ഇന്ന് ചുവടുവയ്ക്കും.

വൃദ്ധസദനത്തിന്റെ ചുവരുകൾക്കപ്പുറം വാർദ്ധക്യത്തിലും അവർ ഒന്നാവുന്നു. കേരളത്തിൽ ആദ്യമായി സർക്കാർ വൃദ്ധസദനത്തിലെ താമസക്കാർ തമ്മിൽ വിവാഹിതരാകുന്ന ചരിത്രമൂഹൂർത്തത്തിനും ഇന്ന് സാംസ്‌കാരിക തലസ്ഥാനം സാക്ഷിയാകും. കാരണവ ദമ്പതികൾക്കുള്ള താലിമാലയും വിവാഹ വസ്ത്രങ്ങളും വിഭവ സമൃദ്ധമായ സദ്യവട്ടങ്ങളും അടക്കം വൃദ്ധസദനത്തിൽ ഒരുക്കിയിട്ടുണ്ട്. വധൂ വരന്മാരെ കാണാനും സമ്മാനം നൽകാനുമായി നിരവധിയാളുകളും എത്തുന്നുണ്ട്. ലക്ഷ്മി അമ്മാളും. കൊച്ചനിയനും തമ്മിൽ മുമ്പേ പരിചയമുണ്ട്.

ഒരു കാലത്ത് അമ്മാളിന്റെ ഭർത്താവിന്റെ സഹായിയായിരുന്നു കൊച്ചനിയൻ . കൃഷ്ണയ്യരുടെ മരണശേഷം അമ്മളിന്റെ ഏക ആശ്രയവും കൊച്ചനിയനായിരുന്നു. പിന്നീട് ശാരീരികാവശതകളുള്ള അമ്മാളിനെ രാമവർമ്മപുറത്ത് എത്തിച്ച് സുരക്ഷിതയാക്കിയ ശേഷം കൊച്ചനിയൻ വഴിപിരിഞ്ഞു. അസുഖ ബാധിതനായി ഒടുവിൽ മറ്റൊരു ആശ്രയകേന്ദ്രത്തിൽ കൊച്ചനിയനും തളക്കപ്പെട്ടു. അവിടെ നിന്നും അവിചാരിതമായാണ് കൊച്ചനിയനെ രാമവർമ്മ പുരത്തെ കേന്ദ്രത്തിലേക്ക് അധികൃതർ എത്തിക്കുന്നത്. നേരിൽ കണ്ടതോടെ അമ്മാളും കൊച്ചനിയനും പരസ്പരം തിരിച്ചറിഞ്ഞു. ഒടുവിൽ ആ ബന്ധം വിവാഹത്തിലുമെത്തി. ദമ്പതികൾക്കായി പ്രത്യേകം മുറിയും വൃദ്ധസദനത്തിൽ ഒരുങ്ങി. ഇനിയുള്ള കാലം പരസ്പരം കൂട്ടായി താങ്ങായി തണലായി ഇരുവരും ജീവിക്കും.