road
തകർന്ന് ശോചനീയാവസ്ഥയിലായ എരുമപ്പെട്ടി കടങ്ങോട് റോഡ്

എരുമപ്പെട്ടി: എരുമപ്പെട്ടി - കടങ്ങോട് റോഡിന്റെ ശോചനീയാവസ്ഥയിൽ കുടുങ്ങി യാത്രക്കാരും ഡ്രൈവർമാരും. റോഡിന്റെ പുനർനിർമ്മാണം വൈകുന്നത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. എരുമപ്പെട്ടി മുതൽ കടങ്ങോട് വരെ അഞ്ചു കിലോമീറ്റർ ദൂരത്തിൽ റോഡ് തകർന്ന് ശോചനീയാവസ്ഥയിലാണ്.

എരുമപ്പെട്ടിയിൽ നിന്നും അക്കിക്കാവിലേക്ക് പോകുന്ന കടങ്ങോട് റോഡിലൂടെ നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുക. രണ്ടു വർഷത്തിലധികമായി റോഡ് കുണ്ടും കുഴിയും നിറഞ്ഞ് യാത്രാക്ലേശം തുടങ്ങിയിട്ട്. പ്രദേശത്തെ എം.എൽ.എ കൂടിയായ മന്ത്രി എ.സി മൊയ്തീൻ എരുമപ്പെട്ടി മുതൽ അക്കിക്കാവ് വരെയുള്ള റോഡിന്റെ പുനർനിർമ്മാണത്തിനായി എട്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ടെൻഡർ നടപടികൾ പൂർത്തീകരിച്ചെങ്കിലും നിർമ്മാണം ഇതുവരെയും ആരംഭിച്ചിട്ടില്ല. റോഡിന്റെ ദുരവസ്ഥ മൂലം ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് പെട്ടി ഓട്ടോറിക്ഷാ തൊഴിലാളികളാണ്. ബസ് സർവീസ് കുറവുള്ള കടങ്ങോട് പ്രദേശത്തേക്ക് യാത്ര ചെയ്യാൻ ജനങ്ങൾ ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്. കുഴികളിൽ ചാടിയുള്ള നിരന്തര യാത്ര മൂലം ഓട്ടോറിക്ഷകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്.

യാത്രാക്ലേശം പരിഹരിക്കണം

ഓട്ടോയോടിച്ചു കിട്ടുന്നതിലും അധികം പണം വർക്ക് ഷോപ്പുകളിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്. കുഴികളിൽ ചാടി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ചില്ലുകൾ തകരുന്നതും അപകടത്തിൽ പെടുന്നതും നിത്യസംഭവമാണ്. റോഡിന്റെ പുനർനിർമാണം വൈകുന്ന സാഹചര്യത്തിൽ കുഴികൾ താത്കാലികമായി അടച്ച് യാത്രാക്ലേശം പരിഹരിക്കണം.

- ഡ്രൈവർമാർ