തൃശൂർ: പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് വസ്തുതകളുമായി യാതൊരു ബന്ധമില്ലെന്നും ഒരു മത വിഭാഗത്തെ കൂടെ നിറുത്താൻ പറ്റുമെന്നതുകൊണ്ട് ചില പാർട്ടികൾ വിഷയം ഏറ്റുപിടിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നാഷണൽ വിശ്വകർമ്മ ഫെഡറേഷൻ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുമതത്തിലെ ഒന്നും രണ്ടും സമുദായ സംഘടനാ നേതാക്കളെ കാണാൻ തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും പോകുന്നത് അവർ സംഘടിത ശക്തിയായതു കൊണ്ടാണ്. സംഘടിക്കുക-ശക്തരാകുകയെന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. സാമ്പത്തിക-സാമുദായിക ശക്തി തെളിയിക്കേണ്ട സാഹചര്യമാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.ടി ആചാരി, പി.എൻ ശങ്കരൻ, സി.എസ് അജയ്കുമാർ, ഡോ.പി.എസ്. വാസുദേവൻ, ഇനേഷ് വി. ആചാരി, വി. രാജേന്ദ്രൻ, ശില സന്തോഷ്, സുധീഷ് ആചാര്യ, ആറന്മുള ഉണ്ണി, റെജി മോൻ, ശെൽവൻ ആചാരി എന്നിവർക്ക് കേന്ദ്ര മന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. എൻ.വി.എഫ് ദേശീയ പ്രസിഡന്റ് രവി ചേർപ്പ് അദ്ധ്യക്ഷനായി. വി. വിശ്വനാഥൻ, ഡോ. ശിവാനന്ദൻ, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സജിതാ മിഥുൻ തുടങ്ങിയവർ പ്രസംഗിച്ചു.