case-diary-
ജമാലുദ്ദീൻ ഖദീജ

വാടാനപ്പിള്ളി:തളിക്കുളം ഇടശ്ശേരിയിൽ യുവാവ് പിതാവിനെയും മാതൃസഹോദരിയെയും കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. ഇടശ്ശേരി പടിഞ്ഞാറെ പള്ളിക്ക് സമീപം മമ്മസ്രായില്ലത്ത് ജമാലുദ്ദീൻ (60), ഭാര്യാ സഹോദരിയും എറച്ചം വീട്ടിൽ ഹസന്റെ ഭാര്യയുമായ ഖദീജ (52) എന്നിവരാണ് മരിച്ചത്.

ഖദീജയുടെ ജ്യേഷ്ഠത്തിയും ജമാലുദ്ദീന്റെ ഭാര്യയുമായ കുഞ്ഞിപ്പാത്തു, അനിയത്തി റസിയ എന്നിവർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ കുഞ്ഞിപ്പാത്തുവിനെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമാലുദ്ദീന്റെ മകൻ ഷെഫിഖിനെ (29) വാടാനപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്ക് അടിമയായ ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. തളിക്കുളത്ത് ഭാര്യയോടൊപ്പം വാടകവീട്ടിൽ താമസിക്കുന്ന ഷെഫീഖ് രാവിലെ വീട്ടിലെത്തി പിതാവിനോട് പണം ആവശ്യപ്പെട്ടു. ജമാലുദ്ദീൻ പണം നൽകി. ഉച്ചയ്ക്ക് ജമാലുദ്ദീന്റെ വീട്ടിലെ പഴയ വസ്തുക്കൾ ഷെഫീഖ് മുറ്റത്തിട്ട് കത്തിച്ചു. അത് ചോദ്യം ചെയ്തതോടെ ഷെഫീഖ് കരിങ്കല്ലു കൊണ്ട് ജമാലുദ്ദീന്റെ തലയ്‌ക്ക് ഇടിച്ച ശേഷം തീയിലേക്ക് തള്ളിയിട്ടു. ഇത് കണ്ട മാതാവ് കുഞ്ഞിപ്പാത്തു അയൽവാസികളായ അനിയത്തിമാരെ വിളിച്ചുകൊണ്ടു വന്നു. ഓടിയെത്തിയ കുഞ്ഞിപ്പാത്തു, ഖദീജ, റസിയ എന്നിവരെയും ഷെഫീഖ് മർദ്ദിച്ചു. ഖദീജയുടെ തലയിലും കരിങ്കല്ലുകൊണ്ട് ഇടിച്ചു. സമീപത്തെ പള്ളിയിൽ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ മുറ്റിച്ചൂർ സ്വദേശി മജീദ് നിലവിളി കേട്ട് ഓടിയെത്തി.

അപ്പോൾ ഉമ്മയെ മർദ്ദിക്കുകയായിരുന്നു ഷെഫീഖ്. തീയിൽ നിന്ന് എഴുന്നേറ്റ് വന്ന ജമാലുദ്ദീനെ ഷെഫീഖ് വീണ്ടും കല്ലുകൊണ്ടിടിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ഷെഫീഖിനെ പിടികൂടി പൊലീസിന് കൈമാറിയത്.

ജമാലുദ്ദീൻ, കുഞ്ഞിപ്പാത്തു, ഖദീജ എന്നിവരെ തൃശൂർ ജനറലാശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ ജമാലുദ്ദീനും ഖദീജയും മരിച്ചു.

ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷ്, വാടാനപ്പിള്ളി സി.ഐ കെ.ആർ ബിജു, വലപ്പാട് എസ്.ഐ അരിസ്റ്റോട്ടിൽ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.

വിരലടയാള വിദഗ്ദ്ധരായ രാംദാസ്, ശ്രീജ എസ്. നായർ എന്നിവരും തെളിവെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ഷെഫീക്കിനെ പൊലീസ് വൈദ്യ പരിശോധന നടത്തി. ജമാലുദ്ദീന്റെ മകൾ: സുറുമി.