കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരെ കൊടുങ്ങല്ലൂരിൽ ജനസഹസ്രങ്ങൾ അണി ചേർന്നുള്ള പ്രതിഷേധ റാലി നടന്നു. കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി കൈമാറിയ ദേശീയപതാകയുമായി ചേരമാൻ പള്ളി പരിസരത്ത് നിന്നും മുനിസിപ്പൽ ടൗൺഹാളിലേക്കാണ് ബഹുജന റാലി സംഘടിപ്പിച്ചത്. കയ്പമംഗലം-കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങളിലെ അൻപതോളം മഹല്ലുകളിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ള വിശ്വാസ സമൂഹത്തിനൊപ്പം, രാഷ്ട്രീയ സാമൂഹിക- സാംസ്കാരിക- പ്രവർത്തകരും അണിനിരന്നു. ബെന്നി ബെഹന്നാൻ എം.പി, എം.എൽ.എ മാരായ അഡ്വ.വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ മാസ്റ്റർ എന്നിവർക്ക് പിറകിലായി കൊടുങ്ങല്ലൂർ പൗരാവലിയുടെ ബാനറുമേന്തി സമസ്ത ജില്ലാ സെക്രട്ടറി പി.എസ്.കെ മൊയ്തതു ബാഖവി, ഡി.സി.സി സെക്രട്ടറി ടി.എം. നാസർ, ചേരമാൻ മഹല്ല് പ്രസിഡന്റ് ഡോ.പി.എ മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ. അബ്ദുൾഖയ്യൂം തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

റാലിയുടെ സമാപനത്തിന് ശേഷം മുനിസിപ്പൽ ടൗൺഹാളിന് മുന്നിൽ ചേർന്ന പ്രതിഷേധ സംഗമം ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. ഡോ. പി.എ മുഹമ്മദ് സഈദിന്റെ അദ്ധ്യക്ഷതയിൽ സാഹിത്യകാരൻ കെ.പി. രാമനുണ്ണി, എം.എൽ.എ മാരായ അഡ്വ.വി.ആർ. സുനിൽകുമാർ, ഇ.ടി ടൈസൺമാസ്റ്റർ, അഡ്വ.വി.ഡി സതീശൻ, എൻ.എസ്. അബ്ദുൽ ഹമീദ്, ഷമീർ എറിയാട്, ജലീൽ മാള എന്നിവർ സംസാരിച്ചു.