ഗുരുവായൂർ: പ്ലാസ്റ്റിക് മുക്തമായ മാലിന്യ മുക്തമായ ഗുരുവായൂരിലേക്ക് ഇനി ദൂരമില്ലെന്ന് മന്ത്രി എ.സി. മൊയ്തീൻ. ഗുരുവായൂരിലെ നവീകരിച്ച ഓഫീസും ലൈബ്രറി ഹോളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജതജൂബിലി ആഘോഷിക്കുന്ന ഗുരുവായൂർ നഗരസഭയുടെ സമഗ്ര തീർത്ഥാടന നഗരി എന്ന ലക്ഷ്യം മുൻനിറുത്തി വിവിധ പദ്ധതികൾ രൂപീകരിക്കുന്നതിന്റെ ആദ്യഘട്ടമായി നഗരസഭ ഓഫീസ്, മുനിസിപ്പൽ ലൈബ്രറി ഹാളിന്റെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ പത്തിന് ഇ.എം.എസ് സ്‌ക്വയറിൽ വച്ചായിരുന്നു ഉദ്ഘാടനം. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷനായി.
ഇതോടൊപ്പം ക്യൂബിക് സിസ്റ്റം, ലിഫ്റ്റ്, ഇ പെയ്‌മെന്റ്, വിവാഹ ലോഞ്ച്, ഫ്രണ്ട് ഓഫീസ്, കഫേ കോർണർ തുടങ്ങി ജനങ്ങൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യാൻ ഉപയുക്തമാകുന്ന നവീകരണ പ്രവർത്തനങ്ങളും നഗരസഭയുടെ 25ആം വാർഷികാഘോഷ ഭാഗമായി നടന്നുവരുന്നു. നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിർമ്മല കേരളൻ, കെ.വി. വിവിധ്, എം. രതി, ടി.എസ്. ഷനിൽ, ശൈലജ ദേവൻ, ടി.ടി. ശിവദാസൻ, റഷീദ് കുന്നിക്കൽ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി സ്വാഗതവും സെക്രട്ടറി എ.എസ്. ശ്രീകാന്ത് നന്ദിയും പറഞ്ഞു.