കൊടുങ്ങല്ലൂർ: നഗരസഭയിലെ ലൈഫ് - പി.എം.എ.വൈ പദ്ധതിയിൽ പണി പൂർത്തിയായ 600 കുടുംബങ്ങളുടെ സംഗമം ജനുവരി 6ന് രാവിലെ 10.30ന് നഗരസഭ ടൗൺ ഹാളിൽ നടത്തും. ഈ കുടുംബങ്ങളുടെ ഉപജീവനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ആവശ്യമായ സർക്കാർ രേഖകളും സംവിധാനങ്ങളും നൽകുന്നതിനായി അദാലത്തും ഇതിനൊപ്പം നടത്തും. ലൈഫ് - പി.എം.എ.വൈ കുടുംബങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനായി ഇരുപതോളം സർക്കാർ വകുപ്പുകളുടെ പ്രത്യേക സ്റ്റാളുകൾ കുടംബസംഗമത്തിൽ ഉണ്ടാകും. കുടുംബത്തിലെ തൊഴിലില്ലാത്ത യുവതീ-യുവാക്കൾക്ക് സാങ്കേതിക പരിശീലനം സൗജന്യമായി നൽകി തൊഴിൽ നൽകും. റേഷൻ കാർഡില്ലാത്തവർക്ക് പുതിയ റേഷൻ കാർഡും പുതിയ ഗ്യാസ് കണക്ഷനും സൗജന്യ നിരക്കിൽ എൽ.ഇ.ഡി ബൾബുകൾ, ഫാനുകൾ എന്നിവയും നൽകും.

സംഘാടക സമിതിയോഗം നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്. കൈസാബ്, ശോഭ ജോഷി, സി.കെ. രാമനാഥൻ, സെക്രട്ടറി ടി.കെ. സുജിത് തുടങ്ങിയവർ സംസാരിച്ചു.

സംഘാടകസമിതി ഭാരവാഹികളായി ബെന്നി ബഹനാൻ എം.പി. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ (രക്ഷാധികാരികൾ) കെ.ആർ. ജൈത്രൻ (ചെയർമാൻ), പി.കെ. ചന്ദ്രശേഖരൻ, പി.പി. സുഭാഷ്, സി.ജി. ചെന്താമരാക്ഷൻ, എം.ജി. പ്രശാന്ത് ലാൽ, എം.കെ. മാലിക്, ഹണി പീതാംബരൻ, കെ.എസ്. കൈസാബ്, ശോഭജോഷി, സി.കെ. രാമനാഥൻ, തങ്കമണി സുബ്രഹ്മണ്യൻ, പി.എൻ. രാമദാസ് (വൈസ് ചെയർമാൻമാർ), ടി.കെ. സുജിത് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.