തൃശൂർ: ഘോഷയാത്രയുടെ മുൻനിരയിലൂടെ കടന്നുപോയത് വലിയൊരു പള്ളിമണി. പിറകിൽ മാർപാപ്പ പൊതുദർശനത്തിന് ഉപയോഗിക്കുന്ന വാഹനത്തെ അനുസ്മരിപ്പിക്കുന്ന പോപ്പ് മൊബീലിൽ മാർപാപ്പ വേഷധാരി. പിറകിൽ അലംകൃതമായ കുതിരവണ്ടിയിൽ കൊച്ചു സാന്താക്ലോസുമാർ. ഒപ്പം ഇരുപതോളം നിശ്ചല ദൃശ്യങ്ങളും. കാലിത്തൊഴുത്തിലെ തിരുപ്പിറവിയും ഉണ്ണിയേശുവിനെ സന്ദർശിക്കുന്ന പൂജരാജാക്കളും ക്രിസ്മസ് സന്ദേശം പകരുന്നതായി. ഏദൻ തോട്ടത്തിലെ ആദവും ഹവയും, പാറയിൽ അടിച്ചു ജലപ്രവാഹം ഒരുക്കുന്ന മോശ, ശക്തനായ സാംസൺ, വള്ളത്തിൽ യേശു ശിഷ്യരോടൊത്ത്, യോനായെ വിഴുങ്ങുന്ന വമ്പൻ മൽസ്യം തുടങ്ങിയ ബൈബിൾ പ്രമേയങ്ങളും ഘോഷയാത്രയിൽ നിരന്നു. ചൈനീസ് വ്യാളിയുടെ മുഖവും തെയ്യത്തിന്റെ മുഖവുമുള്ള ഫ്ളോട്ടുകളും ഉണ്ടായിരുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി പാറ പൊട്ടിച്ചു കോൺക്രീറ്റ് മന്ദിരങ്ങൾ ഉയരുന്ന ഫ്‌ളോട്ടും ശ്രദ്ധേയമായി.