തൃശൂർ: 'പൊതു ഇടം എന്റേതും' പദ്ധതിയുടെ ഭാഗമായി 29 ന് രാത്രി 11 മണിമുതൽ രണ്ട് മണിക്കൂർ നേരം വനിതകൾ നിർഭയരായി നിരത്തിൽ ഇറങ്ങും. അന്യമാകുന്ന പൊതുയിടങ്ങൾ വനിതകൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വനിതാ ശിശു വികസന വകുപ്പ് നൈറ്റ് വാക് സംഘടിപ്പിക്കുന്നത്. സമൂഹത്തിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ പൊതു ബോധം ഉണർത്തുന്നതിനും നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്.
സർക്കാരിന്റെ 'സധൈര്യം മുന്നോട്ട് 'പരിപാടിയുടെ അടിസ്ഥാനത്തിൽ വനിതാ ശാക്തീകരണമാണ് ലക്ഷ്യം. ഡിസംബർ 29 നിർഭയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തൃശൂർ നഗരത്തിൽ 100 വനിതകളെ പങ്കെടുപ്പിച്ചാണ് നൈറ്റ് വാക് നടത്തുക. ജില്ലയിൽ എല്ലായിടത്തും ഒരേ സമയത്താണ് വനിതകൾ നൈറ്റ് വാക്കിന് ഇറങ്ങുക. എല്ലാ മുനിസിപ്പാലിറ്റികളിലും 100 പേർ അടങ്ങുന്ന വനിതാ വളണ്ടിയർമാരെ സജ്ജമാക്കിയിട്ടുണ്ട്. പ്രാരംഭഘട്ടത്തിൽ തൃശൂർ കോർപറേഷനിലും മുനിസിപ്പാലിറ്റികളിലുമാണ് രാത്രി സഞ്ചാരം ഒരുക്കുക. ഇതിനുള്ള സ്ഥലങ്ങൾ ജനമൈത്രി പൊലീസിന്റെ സഹായത്തോടെ ക്രൈം സീൻ മാപ്പിംഗ് നടത്തിയാണ് തെരഞ്ഞെടുത്തത്. വനിതാ ശിശു വികസന വകുപ്പ് വനിതാ ഉദ്യോഗസ്ഥർ, കോർപറേഷൻ വനിതാ കൗൺസിലർമാർ, വിവിധ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൻമാർ, റെസിഡൻഷ്യൽ അസോസിയേഷൻ, കുടുംബശ്രീ കൂട്ടായ്മകളിലെ വനിതകൾ എന്നിവർ അടങ്ങുന്ന 100 പേരിൽ 25 പേരാണ് 200 മീറ്റർ വ്യത്യാസത്തിൽ നടക്കുക. ബാക്കി 75 പേർ വളണ്ടിയർമാരാകും. ഇത് മാർച്ച് 8ലെ വനിതാ ദിനം വരെ എല്ലാ ആഴ്ചകളിലും നടത്തും. വരുന്ന ആഴ്ചകളിൽ നൈറ്റ് വാക് ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും സംഘടിപ്പിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസർ സുലക്ഷണ എസ് ആണ് നൈറ്റ് വോക്കിന്റെ കൺവീനർ.