തൃശൂർ: ലോകസമാധാനം, മാനവ സൗഹാർദ്ദം എന്നീ സങ്കൽപ്പങ്ങളുമായി 108 മണിക്കൂർ ലക്ഷ്യമിട്ട് മുരളിവാദനം നടത്തുന്ന മുരളി നാരായണൻ ശനിയാഴ്ച രാവിലെ 9.30ന് ആ സംഗീതസപര്യ പൂർത്തിയാക്കും. ഓരോ മണിക്കൂർ മുരളിവാദനം നടത്തുമ്പോഴും അഞ്ച് മിനിറ്റ് വീതം അനുവദനീയമായ വിശ്രമം മാത്രമെടുത്താണ് നിർദ്ദിഷ്ട സമയത്ത് അവസാനിക്കുന്നത്.
സംഗീത മഹായാനം ലക്ഷ്യത്തിൽ എത്തുന്നതിന്റെ ആഹ്ലാദവും അഭിമാനവും പ്രകടിപ്പിച്ച് വൈകിട്ട് 4.30ന് വേദിയിൽ മുരളിനാരായണന് സ്വീകരണവും അനുമോദനവും നൽകും. മന്ത്രിമാർ, ജനപ്രതിനിധികൾ, കലാ സാഹിത്യ പ്രതിഭകൾ അനുമോദന ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഗീത മഹായാനം സംഘാടക സമിതി അറിയിച്ചു. കഴിഞ്ഞദിവസം ലോകറെക്കോഡായ 27 മണിക്കൂർ പിന്നിട്ടശേഷവും അദ്ദേഹം വാദനം തുടരുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ഏഴരയ്ക്ക് തേക്കിൻകാട് മൈതാനത്തെ തെക്കേഗോപുര നടയിലാണ് മുരളീനാരായണൻ എന്ന അമ്പത്തിരണ്ടുകാരന്റെ ഗിന്നസ് റെക്കാഡ് ശ്രമം തുടങ്ങിയത്. നിലവിൽ ഇംഗ്ലണ്ടുകാരിയായ കാതറിൻ ബ്രൂക്കിന്റെ പേരിലാണ് പുല്ലാങ്കുഴലിലെ ലോകറെക്കോഡ്. 27 മണിക്കൂർ 30 മിനിറ്റാണിത്. മുരളീനാരായൺ 2017 നവംബറിൽ തളിക്കുളത്തു സ്ഥാപിച്ച റെക്കോഡായ 27 മണിക്കൂർ പത്തുമിനിറ്റാണ് കാതറിൻ അക്കൊല്ലം തന്നെ മറികടന്നത്. ഖരഭക്ഷണം പൂർണമായും ഒഴിവാക്കി, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, തേൻവെള്ളം എന്നിവയിൽ ഏതെങ്കിലുമൊന്നാണ് മുരളീ നാരായണൻ കഴിക്കുന്നത്. അഞ്ചുമിനിറ്റ് വിശ്രമത്തിനായി വേദിയോടു ചേർന്ന് തയ്യാറാക്കിയ പ്രത്യേക മുറിയിൽ കിടക്കും.