തൃശൂർ: കൊച്ചനിയനും ലക്ഷ്മിയമ്മാളും പരസ്പരം നോക്കി. വാർദ്ധക്യത്തിന്റെ ജരാനരകൾ മുല്ലപ്പൂവായി വിടർന്ന കാഴ്ചയായിരുന്നു അത്. ചന്ദനനിറത്തിലുള്ള ഷർട്ടും മുണ്ടുമണിഞ്ഞാണ് 67കാരനായ കൊച്ചനിയന്റെ നില്പ്. 66 ലെത്തിയ ലക്ഷ്മിയമ്മാളോ? നരവീണ മുടിയിഴകളിൽ മുല്ലപ്പൂവണിഞ്ഞ് ചുവപ്പ് പട്ടുസാരി ചുറ്റി പാലയ്ക്കാമാല ധരിച്ച് പുഞ്ചിരി തൂകി...
രാമവർമ്മപുരം ഗവ. വൃദ്ധസദനത്തിൽ കല്യാണക്കച്ചേരി മുഴങ്ങുകയാണ്. അന്തേവാസികൾ സ്വരൂപിച്ച പണംകൊണ്ടു വാങ്ങിയ താലിമാല അമ്മാളിന്റെ കഴുത്തിൽ കൊച്ചനിയൻ ചാർത്തി. മന്ത്രി വി.എസ്. സുനിൽകുമാർ ഇരുവരുടെയും കൈകൾ ചേർത്തുവച്ചു. കേരളത്തിലെ സർക്കാർ വൃദ്ധസദനത്തിലെ ആദ്യ വിവാഹം. അത് ഇരുവരുടെയും മോഹസാഫല്യം കൂടിയായി.
മേയർ അജിത വിജയന്റെ നേതൃത്വത്തിൽ തിരുവാതിരകളിയും ഗായകൻ സന്നിധാനന്ദന്റെ പാട്ടും ചന്തം പകർന്നു. വിവാഹസദ്യയും ഒരുക്കിയിരുന്നു. ഡിവിഷൻ കൗൺസിലർ അഡ്വ. വി.കെ. സുരേഷ്‌കുമാർ, വൃദ്ധസദനം ചെയർമാൻ ജോൺ ഡാനിയേൽ, സൂപ്രണ്ട് വി.ജി. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവാഹം. ഡെപ്യൂട്ടി മേയർ റാഫി ജോസ്, കൗൺസിലർമാരായ ശാന്ത അപ്പു, രജനി വിജു തുടങ്ങിയവർ വിവാഹാശംസകളുമായെത്തി.
കതിർമണ്ഡപത്തിലേക്കുള്ള വഴി
തൃശൂർ പഴയനടക്കാവ് സ്വദേശി ലക്ഷ്മിയമ്മാൾ 16ാം വയസിലാണ് ആദ്യം വിവാഹിതയായത്. പാചക സ്വാമിയെന്നറിയപ്പെട്ട കൃഷ്ണയ്യർ (48) ആയിരുന്നു ഭർത്താവ്. അക്കാലത്ത് വടക്കും നാഥ ക്ഷേത്രത്തിൽ നാദസ്വരം വായിക്കാനെത്തിയിരുന്ന കൊച്ചനിയൻ ക്ഷേത്ര ദർശനത്തിന് എത്തുന്ന സ്വാമിയെയും ലക്ഷ്മിയമ്മാളിനെയും കാണാറുണ്ടായിരുന്നു. അങ്ങനെ പരിചയപ്പെട്ടു. സ്വാമിയുടെ പാചകസഹായിയായി. 20 വർഷം മുമ്പ് കൃഷ്ണസ്വാമി മരിച്ചു. മക്കളില്ലാത്ത ലക്ഷ്മിയമ്മാളെ പുനർവിവാഹം കഴിക്കാൻ കൊച്ചനിയൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. പിന്നീട് വിവാഹിതനായെങ്കിലും വർഷങ്ങൾക്കുമുമ്പ് ഭാര്യ മരിച്ചു. ഒന്നരവർഷം മുമ്പാണ് ലക്ഷ്മിയമ്മാൾ രാമവർമ്മപുരം വൃദ്ധസദനത്തിലെത്തിയത്. അനാഥനായി നാടെങ്ങും നടക്കുകയായിരുന്ന കൊച്ചനിയൻ അതിനിടെ ഗുരുവായൂരിൽ കുഴഞ്ഞുവീണു ചികിത്സയിലായി. പിന്നീട് വയനാട് വൃദ്ധമന്ദിരത്തിലെത്തിയ കൊച്ചനിയൻ ലക്ഷ്മി അമ്മാളിനെ കാണണമെന്ന് അപേക്ഷിച്ചതോടെ, രണ്ടുമാസം മുൻപ് രാമവർമ്മപുരത്ത് എത്തിച്ചു. അങ്ങനെയാണ് കല്യാണത്തിന് വഴിയൊരുങ്ങിയത്.
അനുമതിക്കു തടസമില്ല
വൃദ്ധസദനങ്ങളിൽ കഴിയുന്നവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ വിവാഹം കഴിക്കാമെന്ന് സാമൂഹിക നീതി വകുപ്പ് അനുവാദം നൽകിയിരുന്നു. വകുപ്പ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ വൃദ്ധസദനം സൂപ്രണ്ടുമാരുടെ യോഗത്തിലായിരുന്നു തീരുമാനം. ദമ്പതികൾക്ക് താമസിക്കാൻ റൂം വേണമെന്നും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം കേരളത്തിൽ നടക്കുന്ന ആദ്യ വിവാഹമാണിത്.