തൃശൂർ: പ്രായാധിക്യമുള്ളവരുടെ അവശതയും മറവിയും ദൗർബല്യങ്ങളും മുതലാക്കി സ്വർണ്ണവും പണവും തട്ടുന്ന വിരുതൻമാർ കൂടുന്നു. എക്സിക്യുട്ടീവ് വേഷത്തിലെത്തി പട്ടാപ്പകൽ കവർച്ച നടത്തുന്നവരാണ് ഇവരിലേറെയും. ഇത്തരം തട്ടിപ്പുകൾ നടത്തിയിരുന്ന മുസ്തഫയെ ഇന്നലെ പിടികൂടിയതോടെ വൃദ്ധരെ വഞ്ചിച്ച് സ്വർണ്ണം തട്ടിയെടുക്കുന്ന നിരവധി കേസുകൾക്കാണ് തുമ്പായത്.
പ്രായം ചെന്നവരെ പറ്റിക്കാൻ എളുപ്പമാണെന്നും സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത് പിടിക്കപ്പെട്ടാലും അവർക്ക് തിരിച്ചറിയാൻ പറ്റാതെ കേസിൽ നിന്നും സുഖമായി രക്ഷപ്പെടാമെന്നുമുളള കണക്കുകൂട്ടലാണ് ഇത്തരം തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥൻ, റവന്യൂ ഉദ്യോഗസ്ഥൻ, കളക്ടറുടെ അസിസ്റ്റൻ്റ്, ലോണുകൾ ശരിയാക്കുന്ന ഉദ്യോഗസ്ഥൻ, ഗൽഫിലെ പണക്കാരനായ അറബിയുടെ പി.എ എന്നിങ്ങനെ നിരവധി വേഷങ്ങളിലെത്തി തട്ടിപ്പ് നടത്തിയ മുസ്തഫ, ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങളാണ് കൈക്കലാക്കിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 18 ന് വടക്കെ സ്റ്റാൻഡിനടുത്തുള്ള മ്യൂസിയത്തിനടുത്തു വച്ച് ബന്ധുവിൻ്റെ സുഹൃത്താണെന്ന് പറഞ്ഞ് വയസ്സായ സ്ത്രീയെ പരിചയപ്പെട്ട് സ്വർണ്ണാഭരണം തട്ടിയിരുന്നു. ഏഴുപവൻ തൂക്കം വരുന്ന സ്വർണ്ണമാല കളഞ്ഞ് കിട്ടിയിട്ടുണ്ടെന്നും സുഹൃത്ത് പതിനായിരം രൂപയ്ക്ക് പണയം വച്ചിരിക്കുകയാണെന്നും പറഞ്ഞാണ് സമീപിച്ചത്. പണയം വച്ച മാല എടുക്കാൻ നാലായിരം രൂപയുടെ കുറവുണ്ടെന്നും അത് തന്നാൽ മാല എടുത്ത് വിറ്റതിനുശേഷം 25,000 രൂപ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീയുടെ കൈയ്യിൽ കിടന്നിരുന്ന മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണവള ഊരി വാങ്ങിയതിനുശേഷം അവിടെനിന്നും മുങ്ങുകയായിരുന്നു.
വയനാട് മാനന്തവാടിയിൽ ജില്ല ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വയസ്സായ സ്ത്രീയേയും സ്ത്രീയുടെ ഭർത്താവിനേയും സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടതിനുശേഷം വീടിൻ്റെ ലോൺ പെട്ടെന്ന് ശരിയാക്കി തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സ്ത്രീയുടെ ഭർത്താവിനെയും കൂട്ടി പുറത്തുപോയ മുസ്തഫ, പിന്നീട് കുറച്ചുകഴിഞ്ഞ് ബാങ്കിൽ ലോണിൻ്റെ ആവശ്യത്തിന് അപേക്ഷകൾക്കും മറ്റു ചെലവുകൾക്കും കുറച്ച് പണം ആവശ്യമായി വന്നെന്നും, കഴുത്തിൽ കിടക്കുന്ന സ്വർണ്ണമാല ഊരി കൊണ്ടുവരാൻ ഭർത്താവ് പറഞ്ഞിട്ടുണ്ടെന്നും, പറഞ്ഞ് സ്ത്രീയുടെ അടുത്തെത്തുകയും സ്ത്രീ ഇയാളെ വിശ്വസിച്ച് കഴുത്തിൽ കിടന്നിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാല ഊരി നൽകുകയും ചെയ്തു. പിന്നീട് ഭർത്താവ് വന്നപ്പോഴാണ് തട്ടിപ്പിൻ്റെ വിവരം അറിയുന്നത്.
തട്ടിപ്പിനു ഇരയാകുന്നത് കൂടുതലും വയസ്സായ സ്ത്രീകളായതിനാൽ പൊലീസ് സ്റ്റേഷനിൽ പോകാനുളള മടികാരണം അവർ പരാതി പോലും നൽകാറുമില്ല. ഇത് കൂടുതൽ തട്ടിപ്പുകൾക്കും വഴിയൊരുക്കി.
തട്ടിപ്പ് കേരളത്തിന് പുറത്തും
കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മാത്രമല്ല, കർണ്ണാടകയിലെ മംഗലാപുരത്തും ഇത്തരത്തിലെ നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയാണ് മുസ്തഫ. 2017 ൽ പൊലീസിന്റെ പിടിയിലായ ഇയാൾ 2018 ജൂണിൽ ജയിലിൽനിന്ന് ജാമ്യമെടുത്ത് ഇറങ്ങി. തുടർന്ന് കർണ്ണാടകയിലും വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലും തട്ടിപ്പുകൾ നടത്തി. ജാമ്യമെടുത്ത് ഇറങ്ങിയ ഇയാൾക്കെതിരെ പല കോടതികളും അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുപ്പിച്ചിട്ടുണ്ട്. പല കോടതികൾ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ആഡംബരജീവിതം
തട്ടിയെടുത്ത സ്വർണ്ണം വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ദിവസം നാലായിരം രൂപ വരെ വാടക വരുന്ന ആഡംബര ഹോട്ടലുകളിലാണ് താമസിച്ചിരുന്നത്. തട്ടിയെടുത്ത സ്വർണ്ണാഭരണങ്ങൾ പ്രതിയെ കസ്റ്റഡിയിൽ എടുത്തതിനുശേഷം, വിറ്റഴിച്ച കടകളിൽനിന്നും കണ്ടെടുക്കും.