ചാലക്കുടി: പുതുവർഷത്തിൽ കുടിവെള്ള സ്രോതസായ കപ്പത്തോട് ശുചീകരിക്കുവാൻ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി.ജോസ് വിളിച്ചു ചേർത്ത കർഷകരുടേയും പ്രതിനിധികളുടേയും യോഗം തീരുമാനിച്ചു. തോടിന്റെ മോതിരക്കണ്ണി മുതൽ പൂവ്വത്തിങ്കൽ വരെയുള്ള ഭാഗമാണ് ശുചീകരിക്കുക. ജനു1, 2 തിയതികളിൽ നടക്കുന്ന ശ്രമദാനത്തിൽ കർഷകർക്കു പുറമെ നാട്ടുകാരും പങ്കെടുക്കും. തോടിന്റെ സംരക്ഷണത്തിന് സമിതിയേയും ചുമതലപ്പെടുത്തി. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷാജി ജോസഫ് ചെയർമാനും ഡേവിസ് അമ്പൂക്കൻ കൺവീനറുമായ സമിതിയെയാണ് തെരഞ്ഞെടുത്തത്. തോടിന്റെ സംരക്ഷണ പ്രവർത്തനൾക്ക് കോടശേരി പഞ്ചായത്തുമായി സഹകരിച്ച് പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.
കപ്പത്തോട് ചരിത്രം
പരിയാരം, കോടശേരി പഞ്ചായത്തുകളിലെ ഹെക്ടർ കണക്കിന് പ്രദേശത്തെ കാർഷിക മേഖയുടെ നിലനിൽപ്പിന് ആധാരമായ കപ്പത്തോട് സംരക്ഷിക്കണമന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സർക്കാർ ഇതിനായി 10 കോടി രൂപ അനുവദിച്ചെങ്കിലും അതൊന്നും പ്രശ്ന പരിഹാരത്തിന് പര്യാപ്തമല്ല. കരയിടിച്ചിലിൽ ക്ഷയിച്ചു വന്ന തോട് മഹാപ്രളയത്തോടെ നാശത്തിന്റെ പടുകുഴിയിലുമെത്തി. നാങ്കണ, കുളവാഴ തുടങ്ങിയ ചെടികൾ പടർന്നു പിടിച്ചതിനാൽ സ്വാഭാവിക ഒഴുക്കും നഷ്ടപ്പെട്ടു. പത്തു കിലോ മീറ്ററോളം നീളം വരുന്ന കപ്പത്തോടിന് അനുബന്ധമായുള്ള കുളങ്ങളും കൈവഴികളും നശിച്ചു തുടങ്ങി. പീലാർമുഴയിൽ നിന്നും ആരംഭിച്ച് പൂവ്വത്തിങ്കലിൽ വച്ച് ചാലക്കുടിപ്പുഴയിൽ ചേരുന്ന തോട്ടിൽ കുടിവെള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ എണ്ണം നൂറിലേറെയാണ്. പരിയാരം, കോടശേരി പഞ്ചായത്തുകളുടെ പന്ത്രണ്ടോളം വാർഡുകളിൽ കാർഷിക വൃത്തിക്ക് ഇതിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. തോടിന്റെ ശോചനീയാവസ്ഥ പദ്ധതികളെയെല്ലാം പ്രതികൂലമായി ബാധിക്കുന്നുണ്ട്. നവീകരണത്തോടൊപ്പം പലസ്ഥലത്തും തടയണകൾ നിർമ്മിച്ചാൽ കൂടുതൽ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കപ്പത്തോട് സംരക്ഷണവും പ്രവർത്തനവും
നബാർഡ് ഫണ്ടായ പത്തു കോടി രൂപ ഉപയോഗിച്ച് മോതിരക്കണ്ണിയിലെ നമ്പ്യാർപടിയിൽ മൂന്നു പദ്ധതികൾ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. പാലം നിർമ്മാണം, ഇരുകരകളിലുമായി രണ്ടര കിലോ മീറ്റർ ദൂരത്തിൽ സംരക്ഷണ ഭിത്തി നിർമ്മാണം എന്നിവയാണ് പൂർത്തിയാകുന്നത്. തോട്ടിൽ അടിഞ്ഞു കൂടിയ മണ്ണുനീക്കൽ, കൈവഴികളും കുളങ്ങളും പുനഃസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ അവശേഷിക്കുന്നു. ഇതിനു പുറമെ ഇനിയുള്ള ഏഴര കിലോ മീറ്റർ ദൂരം ഇരുകരകളിലുമായി കെട്ടി സംരക്ഷിക്കുകയെന്ന ഭാരിച്ച ചുമതലയും അവശേഷിക്കുന്നു.
ബി.ഡി. ദേവസി എം.എൽ.എ മുൻകൈയെടുത്ത് കെ.എൽ.ഡി.സി മുഖേന 38 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാർ അനുവദിച്ചതാകട്ടെ പത്തുകോടിയും. ഇതേ തുടർന്ന് പ്രസ്തുത തുകയ്ക്കുള്ള പ്രവർത്തനങ്ങളാണ് ഒന്നാം ഘട്ടമെന്ന നിലയിൽ ഉൾപ്പെടുത്തി അംഗീകാരം വാങ്ങിയത്. അവശേഷിക്കുന്ന പ്രവർത്തനങ്ങൾക്ക് വീണ്ടും രണ്ടു ഘട്ടമായി പദ്ധതി തയ്യാറാക്കാനാണ് കേരള ലാൻഡ് ഡവലപ്പ്‌മെന്റ് കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്. വർഷങ്ങൾ നീളുന്ന പ്രവൃത്തികൾ ലക്ഷ്യം കാണുമ്പോഴേയ്ക്കും ജില്ലയിലെ മികച്ച തോടുകളിലൊന്നായ കപ്പത്തോടിന്റെ അവസ്ഥ എന്താകുമെന്ന് പ്രവചിക്കാനാകില്ല. കാലവർഷങ്ങളിലെ കരയിടിച്ചിലിൽ തകരുന്ന തോടുപോലെത്തന്നെയാണ് ഇതിനെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് കർഷകരുടെ സ്ഥിതിയും.
തോടിന്റെ ശോചനീയാവസ്ഥ ഗുരുതരമായ പ്രശ്‌നമാണ്. ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി കൈക്കൊള്ളണം.
- ജിമ്മി പയ്യപ്പിള്ളി (കുറ്റിക്കാട്ടെ കർഷകൻ, അദ്ധ്യാപകൻ)