kda-kadalichira-nanavella
ക്യാപ്ഷൻ: പുല്ല് പിടിച്ചുകിടക്കുന്ന കദളിച്ചിറയും പമ്പിങ്ങിനായി സ്ഥാപിച്ച മോട്ടോർഷെഡും

കൊടകര: ആളൂർ പഞ്ചായത്തിലെ കദളിച്ചിറ ശുചീകരണമില്ലാതെ നാശത്തിലേക്ക്. കദളിച്ചിറ വൃത്തിയാക്കിയിട്ട് ആറു വർഷത്തോളമായി. വെള്ളത്തിനു മേൽ പുല്ല് പിടിച്ചു സൂര്യപ്രകാശമേൽക്കാതെ കിടക്കുന്നതിനാൽ പോത്തട്ടകളും ധാരാളം. മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസായ ഈ ജല സംഭരണിയിൽ നിന്നാണ് ആളൂർ, കൊടകര പഞ്ചായത്തുകളിലെ വിവിധ മേഖലയിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത്. കദളിച്ചിറ സംരക്ഷണത്തിന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ടെങ്കിലും ശുചീകരണമില്ലാത്തതിനാൽ മൈതാനം കണക്കെ കിടക്കുകയാണ്.

വേനൽ കടുക്കുന്നതോടെ ആളൂർ,​ കൊടകര പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം വർദ്ധിക്കും. ഈ സമയം കദളിച്ചിറയിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളമാകും ഏക ആശ്രയം. വൃത്തിയാക്കി വീണ്ടെടുത്താൽ ആളൂർ പഞ്ചായത്തിലെ ശുദ്ധജല വിതരണത്തിന് ആവശ്യമായ മുഴുവൻ വെള്ളവും ഇവിടെ നിന്ന് ലഭിക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം.

ഉറുമ്പൻ കുന്നിൽ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിലേക്ക് പമ്പുചെയ്യുന്ന വെള്ളം കൊമ്പൊടിഞ്ഞാമാക്കൽ, ആനത്തടം, എടത്താടൻ കവല, ഉറുമ്പൻകുന്ന്, ആളൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. വേനൽക്കാലത്ത് രാവിലെ ആറ് മുതൽ ഉച്ചയ്ക്കുശേഷം രണ്ടു വരെയാണ് ഇവിടെ പമ്പിംഗ് നടത്തുന്നത്. ചാലക്കുടി നഗരസഭയുടെ അതിർത്തി പ്രദേശത്തേക്കും ഈ കുടിവെള്ള പദ്ധതിയിലൂടെ വെള്ളം എത്തിക്കുന്നുണ്ട്.

കദളിച്ചിറയുടെ നാലുവശവും കരിങ്കൽഭിത്തി നിർമിച്ച് സംരക്ഷിച്ചിട്ടുണ്ട്. കുളത്തിന്റെ ഒരുഭാഗത്ത് കുടിവെള്ള പദ്ധതിക്കായി പ്രത്യേകം കോൺക്രീറ്റ് ഭിത്തി കെട്ടിത്തിരിച്ച് പ്രത്യേകം കിണറും പമ്പ് ഹൗസും നിർമിച്ചിട്ടുമുണ്ട്. വേനലിൽ പമ്പ് ചെയ്യുമ്പോൾ കുളത്തിലെ വെള്ളം കുറയാതെ നിയന്ത്രിച്ചുനിറുത്താൻ കനാലിൽ നിന്നും വെള്ളം എത്തിക്കാനുള്ള കുഴലും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കരയേത് കുളമേത് എന്ന് തിരിച്ചറിയാനാകാത്ത വിധത്തിലാണ് കുളവും കുളക്കരയും ഇപ്പോൾ പുല്ല് പിടിച്ച് നിൽക്കുന്നത്.

കുടിവെള്ളം മലിനം

കദളിച്ചിറയിലെ വെള്ളം ഉപയോഗിച്ചാണ് പണ്ടൊക്കെ നെൽപ്പാടങ്ങളിൽ കൃഷിചെയ്തിരുന്നത്. കദളിച്ചിറ കവിഞ്ഞൊഴുകുന്ന വെള്ളം നെൽപ്പാടത്തേക്ക് ഒഴുക്കിവിടാനും കനാൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് പമ്പുഹൗസുകളാണ് കദളിച്ചിറയിൽ ഉള്ളത്. ഒന്ന് കുടിവെള്ളത്തിനും രണ്ടാമത്തേത് നനവെള്ളത്തിനും. കുടിവെള്ളത്തിനായി കെട്ടിസംരക്ഷിച്ചിരിക്കുന്ന ഭാഗത്ത് പ്ലാസ്റ്റിക്ക് കുപ്പികളും ചണ്ടിയും പായലും മറ്റ് മാലിന്യങ്ങളും ഉപേക്ഷിച്ചനിലയിൽ കിടക്കുന്നുണ്ട്. പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്ന വെള്ളം കുടിക്കാനാകില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മഴ പെയ്യുമ്പോൾ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യം കലർന്ന മഴവെള്ളം ഒഴുകിയെത്തുന്നത് കദളിച്ചിറയിലേക്കാണ്.

കൈയേറ്റം

പഞ്ചായത്തിന്റ കണക്കിൽ ഏഴ് ഏക്കറിലാണ് കദളിച്ചിറ സ്ഥിതിചെയ്യുന്നത്. ഇതിൽ മൂന്നര ഏക്കറിലധികം വലുപ്പമുണ്ട് കദളിച്ചിറക്ക്. കദളിച്ചിറയുടെ കുറച്ചുഭാഗം കൈയേറിയതായും ആക്ഷേപമുണ്ട്. കുറച്ചുഭാഗമൊഴികെ മറ്റിടങ്ങളിലെല്ലാം അതിർത്തി നിർണയിച്ച് കോൺക്രീറ്റ് കാലുകളും കമ്പിവേലിയുമിട്ട് സംരക്ഷിച്ചിട്ടുണ്ട്. മറ്റുഭാഗം തർക്കത്തിൽ നിൽക്കുന്നതിനാൽ അവിടെ അതിർത്തി നിർണയിക്കാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേസുകളും നിലവിലുണ്ട്. ഇത് തീർപ്പാക്കാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുള്ള നടപടികൾക്ക് കാലസാമസം എടുക്കുന്നുണ്ടെന്നും പരാതിയുണ്ട്.

കദളിച്ചിറ ശുചീകരണത്തിന് സർക്കാർ തുക അനുവദിച്ചെങ്കിലും മാഹാപ്രളയം വന്നതിനാൽ തുക ലഭിച്ചില്ല. അതിനാലാണ് ശുചീകരണം മുടങ്ങിയത്. എന്നാൽ ഇക്കുറി പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കദളിച്ചിറയിലെ പുല്ലും പായലും നീക്കും.

- സന്ധ്യ നൈസൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ്