തൃശൂർ: 108 മണിക്കൂർ പുല്ലാംകുഴൽ വാദനം പൂർത്തിയാക്കി തൃശൂർ തളിക്കുളം സ്വദേശി മുരളിനാരായണൻ വിസ്മയമായി. ഇന്നലെ രാവിലെ 7.25നാണ് 108 മണിക്കൂർ ലക്ഷ്യം പൂർത്തിയാക്കിയത്. ജനങ്ങളും സംഘാടകരും ആരവം മുഴക്കി അദ്ദേഹത്തിനുള്ള ആദരം അർപ്പിച്ചു. മന്ത്രി സി. രവീന്ദ്രനാഥ് പൊന്നാട അണിയിച്ച് പ്രഖ്യാപനം നടത്തി. കവി രാവുണ്ണി പങ്കെടുത്തു.
തിങ്കളാഴ്ച രാത്രി 7.25നാണ് സംഗീതമഹായാനം ആരംഭിച്ചത്. മാനവസൗഹാർദം, ലോകസമാധാനം എന്ന ആശയത്തിൽ ഊന്നി തേക്കിൻകാട്‌ മൈതാനിയിലായിരുന്നു പുല്ലാങ്കുഴൽവാദനം. 2016 ൽ മുരളി 27:10:40 സമയം തുടർച്ചയായി പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് റെക്കാഡിട്ടിരുന്നു. എന്നാൽ 2018ൽ കാതറിൻ ബ്രൂക്ക് 27:32 മണിക്കൂർ വായിച്ച് ഇത് മറികടന്നിരുന്നു. ഈ റെക്കോഡ് ചൊവ്വാഴ്ച രാത്രി 11.05ന് മുരളി മറികടന്നിരുന്നു. എന്നാൽ പ്രഖ്യാപിതലക്ഷ്യമായ 108 മണിക്കൂർ ശനിയാഴ്ച രാവിലെയാണ് പിന്നിട്ടത്. റെക്കാഡ് ചെയ്ത പുല്ലാംകുഴൽവാദനം ഗിന്നസ് അധികൃതർക്ക് അയച്ചുനൽകും. ഇത് പരിശോധിച്ചാണ് ഗിന്നസ് റെക്കാഡ് പ്രഖ്യാപനമുണ്ടാവുക.
സമാപന സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയായി. കഥാകൃത്ത് വൈശാഖൻ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ എന്നിവർ മുഖ്യഅതിഥികളായി. ബിന്നി ഇമ്മട്ടി, ഗഫൂർ തളിക്കുളം, ഡോ. വിമൽ എന്നിവർ സംസാരിച്ചു. ഇ.പി.കെ സുഭാഷിതൻ സ്വാഗതവും എ.വി സുമ നന്ദിയും പറഞ്ഞു.