പച്ചക്കറിയുടെ ഉത്പാദനം 15.2ലക്ഷം ടണ്ണിലെത്തിക്കും
തൃശൂർ: കർഷകരെയും സംരംഭകരെയും പൊതു സമൂഹത്തെയും ഒത്തൊരുമിപ്പിച്ച് സംസ്ഥാന സർക്കാർ നടത്തുന്ന വൈഗ2020 ജനുവരി നാലു മുതൽ ഏഴു വരെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടത്തുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. സുസ്ഥിര കാർഷിക വികസനം കാർഷിക സംരംഭകത്വത്തിലൂടെ എന്നതാണ് വൈഗയുടെ ഇത്തവണത്തെ ആശയം. നാലിന് രാവിലെ പത്തിന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, മേയർ അജിത വിജയൻ, ടി.എൻ. പ്രതാപൻ എം.പി തുടങ്ങിയവർ പങ്കെടുക്കും.
വൈകീട്ട് 4.30ന് 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന ആശയം അടിസ്ഥാനമാക്കി ജനുവരി ഒന്നു മുതൽ 2021 ഏപ്രിൽ 15 വരെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'ജീവനി' പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പച്ചക്കറിയിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുകെയന്നതാണ് ലക്ഷ്യം. പച്ചക്കറിയുടെ ഉത്പാദനം 15.2ലക്ഷം ടണ്ണിലെത്തിക്കും. ഇപ്പോൾ 12.7 ലക്ഷമാണ് ഉത്പാദനം.
ആറിന് കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പ് മിഷൻ കേന്ദ്രസഹമന്ത്രി പുരുഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തെലങ്കാന കൃഷിവകുപ്പു മന്ത്രി സിംഗറെഡി നിരഞ്ജൻ പങ്കെടുക്കും.
320 സ്റ്റാളുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രസംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, സംരംഭകത്വ യൂണിറ്റുകൾ, സ്വകാര്യ സംരംഭകർ, ജമ്മുകാശ്മീർ, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രദർശന സ്റ്റാളുകൾ എന്നിവയുണ്ടാകും. വിവിധ കാർഷിക യന്ത്രങ്ങളുടെ പ്രത്യേക പ്രദർശനവും ഒരുക്കുന്നുണ്ട്. പത്രസമ്മേളനത്തിൽ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ഫാം ഇൻഫർമേഷൻ ബ്യൂറോ സി.ഇ.ഒ: ഡോ. ടി.വി. രാജേന്ദ്രലാൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാധാകൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.