തൃശൂർ: ജില്ലയിൽ പട്ടയത്തിന് അപേക്ഷ നൽകിയവർക്ക് ആവശ്യമായ രേഖകൾ ലഭ്യമാക്കുന്നതിന് നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും. ജില്ലാ വികസന സമിതിയുടേതാണ് തീരുമാനം. പട്ടയത്തിനായി 25000 അപേക്ഷകളാണ് ഇതുവരെ ജില്ലയിൽ ലഭിച്ചത്. പട്ടയമേളയിൽ വിതരണത്തിനായി 2080 പട്ടയങ്ങൾ തയ്യാറാക്കി കഴിഞ്ഞു.
ഇരിങ്ങാലക്കുടയിലും കുന്നംകുളത്തും പ്രവർത്തനം ആരംഭിച്ച ലാൻഡ് ട്രിബ്യൂണൽ ഓഫീസുകൾ പട്ടയ അപേക്ഷകളിൽ വേഗത്തിൽ നടപടി സ്വീകരിച്ചുവരികയാണ്. എന്നാൽ മതിയായ രേഖകൾ സമർപ്പിക്കാത്തതുമൂലം ഒട്ടേറെ അപേക്ഷകളിൽ തുടർ നടപടികൾ സ്വീകരിക്കാനാകുന്നില്ല. ഈ അപേക്ഷകർക്ക് രേഖകൾ ലഭ്യമാക്കുന്നതിനാണ് എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നത്. വനഭൂമി പട്ടയവിതരണത്തിനായി കൂടുതൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും ജില്ലാ വകസന സമിതിയോഗത്തെ ലാന്റ് റവന്യു ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
2019ലെ മഴക്കെടുതി പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അർഹരായവർക്ക് സഹായം ലഭിക്കുന്നില്ലെന്ന പരാതികൾ പരിഹരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ചേലക്കര നിയോജക മണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ചേലക്കര വഴി മായന്നൂർ, ഒറ്റപ്പാലം ഭാഗത്തേക്കും വടക്കാഞ്ചേരി വഴി കുണ്ടന്നൂർ വരവൂർ ദേശമംഗലം കൊണ്ടയൂർ ഭാഗത്തേക്കും കെ.എസ് ആർ.ടി.സി ബസ്സുകൾ സർവ്വീസ് നടത്തണമെന്ന് യു.ആർ.പ്രദീപ് എം.എൽ.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം നേരിടുന്നതിന് വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള കുടിവെള്ള പദ്ധതികൾ പ്രവർത്തനക്ഷമമാക്കണമെന്നും സ്‌കൂളുകളിലെ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷനായി. എം.എൽ.എമാരായ കെ.വി. അബ്ദുൾ ഖാദർ, യു.ആർ. പ്രദീപ്, ഗീത ഗോപി, ഇ.ടി. ടൈസൺ മാസ്റ്റർ, ജില്ലാ പ്ലാനിംഗ് ഓഫീസർ യു.വി. ഗീത എന്നിവർ പങ്കെടുത്തു.