തൃശൂർ: വൈഗ 2020നോട് അനുബന്ധിച്ച് സംസ്ഥാന കൃഷി വകുപ്പും ഫാം ഇൻഫർമേഷൻ ബ്യൂറോയും സംഘടിപ്പിച്ച വിവിധ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു. അമച്വർ വിഭാഗം വീഡിയോ മത്സരത്തിൽ മണ്ണിൽ തളിരിട്ട ജീവിതങ്ങൾ എന്ന വിഷയത്തിൽ റേഡിയോ മാറ്റൊലി അവതരിപ്പിച്ച 'പെണ്മ' എന്ന പരിപാടിക്ക് ഷാജു പി. ജയിംസിന് ഒന്നാം സ്ഥാനം ലഭിച്ചു. 15,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. ഏറ്റവും കൂടുതൽ ഫേസ്ബുക്ക് ലൈക്കിനും ഇദ്ദേഹം അർഹനായി. രണ്ടാം സമ്മാനം 'ഒന്നൊന്നര കാളയോട്ടം ' ചെയ്ത ഉബേഷ് ചിമ്മിനിക്ക് ലഭിച്ചു. 10000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. മൂന്നാം സമ്മാനമായ 5000 രൂപയും പ്രശസ്തി പത്രവും 'കുന്നിൻമുകളിൽ സംയോജിത കൃഷി' എന്ന പരിപാടിക്ക് അനൂപ് സെന്നിന് ലഭിച്ചു.
ഡിജിറ്റൽ ഫോട്ടോഗ്രാഫി മത്സരത്തിൽ കൃഷിയിലെ വേറിട്ട കാഴ്ചകൾ എന്ന വിഷയത്തിൽ ബൈജു തൃശൂർ, മുഹമ്മദ് യാസർ കൊച്ചി, കെ.ബി. ഗിരീഷ് കുമാർ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. യഥാക്രമം 15000, 10000, 5000 രൂപ വീതം ഇവർക്കു ലഭിക്കും. ഏറ്റവും കൂടുതൽ ഫേസ്ബുക്ക് ലൈക്കിന് ഷിജു അർഹനായി.
ചെറുകഥാ രചനാ മത്സരത്തിൽ മാനന്തവാടി എസ്.ജെ.എച്ച്.എസ്.എസിലെ യദുകൃഷ്ണ അർഹനായി. 5000 രൂപയാണ് സമ്മാനം. തിരുവനന്തപുരം നാലാഞ്ചിറ മെഡൽ എച്.എസ്.എസിലെ എസ് ശ്രീലക്ഷ്മി , പാലക്കാട് കരിപ്പോട് വിദ്യോദയ എച്ച് .എസിലെ പി അദ്വൈത് എന്നിവർ 1000 രൂപ വീതം പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ഉപന്യാസ മത്സരത്തിൽ കാലാവസ്ഥ വ്യതിയാനവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ കോഴിക്കോട് മുക്കം ചേന്നമംഗലൂർ എച്.എസ്.എസിലെ യു.പി അബിന അർഹയായി. 5000 രൂപ ലഭിക്കും. ഒറ്റപ്പാലം പാലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ ബി.അമർനാഥ് രണ്ടാം സ്ഥാനവും വയനാട് അമ്പലവയൽ ഗവ വി എച് എസ് എസിലെ കെ.കെ റാഹില മൂന്നാം സ്ഥാനവും നേടി. ഇവർക്ക് 3000, 2000 രൂപവീതം സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനാർഹമായ ഉപന്യാസവും ചെറുകഥയും കൃഷി വകുപ്പിന്റെ പ്രസിദ്ധീകരണമായ കേരളകർഷകനിൽ അടുത്ത ലക്കം പ്രസിദ്ധീകരിക്കും. മന്ത്രി അഡ്വ.വി.എസ് സുനിൽകുമാറാണ് ഫല പ്രഖ്യാപനം നടത്തിയത്.