ഗുരുവായൂർ: ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ 4, 5, 6 പദങ്ങൾ അഷ്ടപദികളുടെ നൃത്തരൂപത്തെ കാലാനുസൃതമായ മാറ്റങ്ങളോടെ പുനരാവിഷ്‌കരിച്ച് തയ്യാറാക്കി ഇന്ന് കണ്ണന്റെ മുന്നിൽ അരങ്ങേറ്റം കുറിക്കുന്നതായി ശ്രീഗുരുവായൂരപ്പൻ ധർമ്മകലാ സമുച്ചയം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 12-ാം നൂറ്റാണ്ടിലെ പുരാതന കലയായ അഷ്ടപദിയാട്ടത്തെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സ്ഥാപക ട്രസ്റ്റി ഡോ. ഇ. ശ്രീധരൻ, മാനേജിംഗ് ട്രസ്റ്റി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് എന്നിവർ അറിയിച്ചു.
ഇന്ന് വൈകീട്ട് ഏഴ് മുതൽ 8.30 വരെ, അരങ്ങിൽ 30ഓളം കുട്ടികളും, അണിയറയിൽ വാദ്യവും, പാട്ടും ഉൾപ്പെടെ ആറിലേറെ കലാകാരന്മാരും അഷ്ടപദിയാട്ടത്തിന്റെ അരങ്ങേറ്റത്തിൽ പങ്കെടുക്കും. ഭാരതീയ സംസ്‌കാരത്തിന്റെ തനത് സാഹിത്യ-കലാരൂപമായ ഗീതാഗോവിന്ദത്തെയും, അഷ്ടപദിയാട്ടത്തെയും ഭാവി തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്നതാണ് അഷ്ടപദിയാട്ട അവതരണത്തിലൂടെ സംഘാടകർ ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
സംസ്‌കൃത സർവകലാശാല കാലടിയിലെ നൃത്തവിഭാഗം മേധാവിയായിരുന്ന ഡോ: വേണുഗോപാലിന്റെ മേൽനോട്ടത്തിലാണ് ശാസ്ത്രീയമായി അഷ്ടപദിയാട്ടം തയ്യാറാക്കിയിരിക്കുന്നത്. ഭാവിയിൽ ഗുരുവായൂർ കേന്ദ്രീകരിച്ച് ഭാരതീയ പൗരാണിക വിജ്ഞാനത്തെയും, കലാരൂപങ്ങളെയും സംരക്ഷിക്കുന്ന കേന്ദ്രം നിർമ്മിക്കുമെന്നും ഡോ. ഇ. ശ്രീധരൻ അറിയിച്ചു.