kooti-ezhunellippu-
കൂട്ടിയെഴുന്നെള്ളിപ്പ്

എരുമപ്പെട്ടി: പ്രസിദ്ധമായ കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നിറമാല മഹോത്സവം ആഘോഷം വർണ്ണാഭമായി. പുലർച്ചെ നിർമ്മാല്യ ദർശനം, അഷ്ടദ്രവ്യ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, നടക്കൽ പറവയ്പ് നടന്നു. ഉച്ചയ്ക്ക് ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗജവീരന്റെ അകമ്പടിയോടെ ഭഗവതിയുടെ തിടമ്പെഴുന്നെള്ളിച്ചു.

തുടർന്ന് വിവിധ ദേശങ്ങളിൽ നിന്ന് പഞ്ചവാദ്യത്തിന്റെയും ഗജവീരൻമാരുടെയും അകമ്പടിയോടെ എഴുന്നെള്ളിപ്പുകൾ ആരംഭിച്ചു. വൈകീട്ട് ക്ഷേത്രാങ്കണത്തിൽ മേളത്തിന്റെ അകമ്പടിയിൽ നടന്ന കൂട്ടിയെഴുന്നെള്ളിപ്പിൽ 15 ഗജവീരൻമാർ അണിനിരന്നു. നാദസ്വരത്തിന്റെ താളത്തിൽ പൂക്കാവടികളും നിലക്കാവടികളും നിറഞ്ഞാടിയത് ഉത്സവത്തിന് പകിട്ടേകി.

ദീപാരാധനയ്ക്ക് ശേഷം വാനിൽ വർണ്ണ വിസ്മയം തീർത്ത് ഫാൻസി വെടിക്കെട്ടും നടന്നു. പതിനൊന്ന് ദേശ, ഉത്സവക്കമ്മിറ്റികളും ഫാൻസി വെടിക്കെട്ട് കമ്മിറ്റികളും ഉത്സവത്തിൽ പങ്കാളികളായി. വർണ്ണപ്രഭ ചൊരിയുന്ന ആറ് ദീപാലംകൃത പന്തലുകളും ഉത്സവത്തിനായ് ഒരുക്കിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി ഗാനമേളയും അരങ്ങേറി.