ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ദേശ പൊങ്കാല ആഘോഷിച്ചു. മണ്ഡല സമാപനത്തിന്റെ ഭാഗമായി ചെറുതാലപ്പൊലിയോട് അനുബന്ധിച്ച് നടന്ന പൊങ്കാലയിൽ ആയിരത്തിലേറെ സ്ത്രീകൾ പൊങ്കാല അർപ്പിച്ചു. രാവിലെ ഏഴിനു ക്ഷേത്രാങ്കണത്തിൽ ഗുരുവായൂർ ക്ഷേത്രം മുൻമേൽശാന്തി കക്കാട് ദേവൻ നമ്പൂതിരി, മേൽശാന്തി ഭാസ്‌കരൻ നമ്പൂതിരി എന്നിവർ പണ്ഡാര അടുപ്പിൽനിന്ന് അഗ്‌നി പകർന്നു നൽകിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. കോട്ടപ്പടി സന്തോഷ് മാരാരുടെ വാദ്യം, ഗുരുവായൂർ മുരളിയുടെ നാഗസ്വരവും മാതൃസമിതിയുടെ നാമജപ പാരയണം എന്നിവ അകമ്പടിയായി. പൊങ്കാലക്കെത്തിയ ഭക്തർക്കു പ്രഭാത ഭക്ഷണവും പ്രസാദഊട്ടും നൽകി. ക്ഷേത്രം ഭാരവാഹികളായ പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, സേതു തിരുവെങ്കിടം, ശശി വാറണാട്ട്, ശിവൻ കണിച്ചാടത്ത്, പി. ഹരിനാരായണൻ, ഹരി കൂടത്തിങ്കൽ, പ്രേമ വിശ്വനാഥൻ, ബിന്ദു നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.