വടക്കാഞ്ചേരി: ശ്രീമദ്ഭാഗവത തത്ത്വസമീക്ഷാസത്രത്തിന്റെ സമാപനദിവസം നടന്ന വിഷ്ണുസഹസ്ര നാമസമൂഹ യജ്ഞത്തിൽ 2000ലേറെ പേർ പങ്കെടുത്തു. സ്വാമി ഭൂമാനന്ദതീർത്ഥ വിഷ്ണുസഹസ്രനാമത്തിന്റെ മാഹാത്മ്യവും ഉദ്ഭവവും വിവരിച്ചു. സ്വാമി നിഗമാനന്ദതീർത്ഥ സത്രശാലയിൽ കരുതിയിട്ടുള്ള സുരക്ഷാ ഏർപ്പാടുകൾ വിശദീകരിച്ചു. തുടർന്ന് സ്വാമിനി ശിവപ്രിയാ മാതാജി യജ്ഞദീപം തെളിച്ചു. ഹവനകുണ്ഡത്തിലേക്ക് അഗ്‌നിപകർന്നതിനു ശേഷം യജ്ഞോപക്രമ ആരതി നടന്നു. സ്വാമിജി വെള്ളിക്കലശത്തിൽ നാണയം നിക്ഷേപിച്ച് ഗംഗാജലത്താൽ കുംഭപൂരണം നടത്തി.
കെ.വി. രാധാകൃഷ്ണൻ യജ്ഞയജമാനനും രമാ രാധാകൃഷ്ണൻ യജമാന പത്‌നിയുമായി. സ്വാമിജി സങ്കല്പം ചൊല്ലിക്കൊടുത്ത് അർച്ചനയും ഹവനവും സമാരംഭിച്ചു. സ്വാമി ഭൂമാനന്ദതീർത്ഥ, സ്വാമി നിർവിശേഷാനന്ദതീർത്ഥ, സ്വാമിനി മാ ഗുരുപ്രിയാ എന്നിവർ അർച്ചനയ്ക്കും എസ്. രാമകൃഷ്ണൻ ഹവനത്തിനും നേതൃത്വം നല്കി. വിഷ്ണുസഹസ്രനാമാർച്ചനയ്ക്കു ശേഷം ലക്ഷ്മി അഷ്ടോത്തരനാമാർച്ചനയും ഉണ്ടായി. പൂർണ്ണാഹൂതിയോടും മംഗളാരതിയോടും കൂടി യജ്ഞം പര്യവസാനിച്ചു.
വൈകീട്ട് സത്രത്തിന്റെ അവലോകനം നടത്തി സ്വാമിജി ധർമ്മസേവകരെ ആശീർവദിച്ചും അനുമോദിച്ചും പ്രസാദവിതരണം ചെയ്തു. സ്വാമി ദേവപാലൻ സത്രത്തിന്റെ കൊടിയിറക്കിയതോടെയാണ് 18 മത് ശ്രീമദ്ഭാഗവത തത്ത്വസമീക്ഷാ സത്രത്തിന് സമാപനമായത്