തൃശൂർ: പുതുവത്സരാഘോഷം അതിരു വിടാതിരിക്കാൻ 100 വനിതാ പൊലീസുകാർ അടക്കം 2,000 പൊലീസ് ഉദ്യോഗസ്ഥരും 250 വാഹനങ്ങളിൽ സ്‌പെഷൽ പട്രോളിംഗുമായി കനത്ത സുരക്ഷ. ഇന്ന് ഉച്ചമുതൽ നാളെ രാവിലെ വരെ പൊലീസ് നഗര നിരത്തുകളിലുണ്ടാകും. ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റാൻഡ്, മാളുകൾ, ഹോട്ടലുകൾ പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവ പരിശോധന തുടങ്ങി.

ഷാഡോ പൊലീസ് ടീം സംശയാലുക്കളെയും, പ്രശ്‌നക്കാരെയും തത്സമയം പിടികൂടാൻ സജ്ജം. പ്രത്യേക ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് കമ്മിഷണറുടെ നിർദ്ദേശാനുസരണമുണ്ടാകും. നഗരത്തിലെ നൈറ്റ് ഷോപ്പിംഗ് ആഘോഷങ്ങളിലും, താലൂക്ക്, ബ്ലോക്ക് കേന്ദ്രങ്ങളിൽ നടക്കുന്ന നവവത്സര ആഘോഷങ്ങളിലും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒത്തുചേരുന്ന വിദേശികൾക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും സംരക്ഷണം നൽകാൻ മഫ്ടിയിലും പൊലീസിനെ വിന്യസിക്കും.

ഹൈവേ പൊലീസിന്റെ നേതൃത്വത്തിൽ അപകടം തടയുന്നതിനായി കർശന പരിശോധന തുടങ്ങി. ജില്ലാ അതിർത്തികളിൽ പ്രത്യേക പരിശോധനയും, സുരക്ഷയും ഒരുക്കി. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്‌പെഷ്യൽ പട്രോളിംഗ്, ബൈക്ക് പട്രോളിംഗ്, പ്രശ്‌ന ബാധിത കേന്ദ്രങ്ങളിൽ പൊലീസ് പിക്കറ്റ് എന്നിവ ഏർപ്പെടുത്തി.


അരുത്


1. മദ്യപിച്ച് വാഹനമോടിക്കരുത്
2. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ആഘോഷമരുത്
3. രാത്രി 10 ന് ശേഷം പൊതുസ്ഥലങ്ങളിൽ മൈക്ക് ഉപയോഗിക്കരുത്
4. അപകടകരമായ രീതിയിൽ പടക്കം, കരിമരുന്ന് ഉപയോഗിക്കരുത്
5. അമിത വേഗതയും, അശ്രദ്ധമായ വാഹനയാത്രയും അരുത്


നടപടി


1. 21 വയസിന് താഴെയുള്ളവർക്ക് മദ്യവിൽപ്പന നടത്തിയാൽ
2. നിയമാനുസൃതമായ സമയപരിധി കഴിഞ്ഞ് പ്രവർത്തിക്കുന്ന ബാറുകൾക്കും, മദ്യശാലകൾക്കുമെതിരെ
3. പൊതുജനങ്ങൾക്ക് തടസമായി റോഡിൽ നടത്തുന്ന ആഘോഷങ്ങൾക്കെതിരെ
4. അനുമതിയില്ലാതെ മൈക്ക്, ബോക്‌സ് ഉപയോഗിച്ചാൽ മൈക്ക്‌ സെറ്റ് ഉടമകൾക്കെതിരെ
5. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തി ലൈസൻസ് റദ്ദാക്കും

ശ്രദ്ധിക്കാൻ


ആഘോഷവേളകളിൽ മദ്യോപയോഗം പരമാവധി ഒഴിവാക്കണം.
പിടിച്ചുപറി, പോക്കറ്റടി, സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ ഒഴിവാക്കാൻ അപരിചിതരുടെ സാന്നിദ്ധ്യം നിരീക്ഷിക്കണം

പടക്കം കത്തിച്ച് റോഡിലേക്കും ജനങ്ങൾക്കിടയിലേക്കും വലിച്ചെറിയരുത്.
ജലാശയങ്ങൾ , കുളങ്ങൾ, പുഴ, കടൽ എന്നിവിടങ്ങളിലെ കളി സൂക്ഷിക്കുക.
വൈദ്യുതി, പടക്കം മറ്റു തീപിടുത്ത സാമഗ്രികളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണവും, കരുതലും
കുട്ടികൾ ഒറ്റപ്പെട്ടു പോകാതെ രക്ഷിതാക്കളും, അദ്ധ്യാപകരും ശ്രദ്ധിക്കണം.
അപകടങ്ങളിൽ തത്സമയം പൊലീസിനെ അറിയിക്കുക.

വിളിക്കാം


ശല്യക്കാരെ സംബന്ധിച്ച വിവരം 100, 1090 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കാം