അന്തിക്കാട്: കർഷകർക്ക് പ്രതീക്ഷയും ഒപ്പം ആശങ്കയും നൽകി മേഖലയിലെ വട്ടനില കൃഷി തുടങ്ങി. പടിയം ഭാഗങ്ങളിലെ ഏക്കർ കണക്കിനു വട്ട നിലങ്ങളിലാണ് ഇക്കുറി കർഷകർ കൃഷിയിറക്കിയിട്ടുള്ളത്. കർഷക കൂട്ടായ്മയിൽ കഴിഞ്ഞവർഷം കൃഷിയിറക്കിയ മാങ്ങാട്ടുകരയിലെ വട്ടനില കൃഷി പൂർണ പരാജയമായിരുന്നു. മേഖലയിലെ മൂന്നേക്കർ വട്ട നിലത്തിലെ വിളവെടുപ്പ് പോലും കർഷകർ ഉപേക്ഷിച്ചു.

കൃഷി വകുപ്പിന്റെ കോൾ ഡബിൾ പദ്ധതി പ്രകാരമായിരുന്നു കർഷകർ വട്ട നിലങ്ങളിൽ കൃഷിയിറക്കിയത്. എന്നാൽ രണ്ടു വർഷം മുൻപ് ഏതാനും യുവകർഷകർ ചേർന്ന് മാങ്ങാട്ടുകര വെള്ളൂർ വൈക്കത്ത് മനയുടെ വട്ടനിലത്തിൽ ഇറക്കിയ കൃഷി വൻ വിജയമായിരുന്നു. നാലേക്കറിൽ നൂറുമേനി വിളവാണ് അന്ന് യുവകർഷകർക്ക് ലഭിച്ചത്. ഇതേ തുടർന്നാണ് കൂടുതൽ കർഷകർ വട്ടനില കൃഷിയിലേക്ക് കടന്നുവന്നത്.

പതിറ്റാണ്ടുകൾക്കു മുൻപ് ഗ്രാമപ്രദേശങ്ങളിലെ നെല്ലറയായിരുന്നു വട്ട നിലങ്ങൾ. നാട്ടിൻപുറങ്ങളിലെ ഒരു പാടവും അന്നു തരിശിട്ടിരുന്നില്ല. എന്നാൽ വർഷങ്ങൾ പിന്നിട്ടതോടെ കർഷകർ വട്ടനില കൃഷി ഉപേക്ഷിച്ച് കോൾ കൃഷിയിലേക്ക് തിരിയുകയായിരുന്നു. വട്ടനിലകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയും ഉണ്ടായിരുന്നില്ല. മാത്രമല്ല കൃഷിയിൽ നാശം സംഭവിച്ചാൽ വട്ട നില കർഷകർക്ക് കൃഷി വകുപ്പിന്റെ ഭാഗത്തു നിന്നും ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നുമില്ല. ഇതോടെ കർഷകർ വട്ടനിലകൃഷി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ സംസ്ഥാന കൃഷി വകുപ്പിന്റെ ഓപ്പറേഷൻ കോൾഡബിൾ പദ്ധതി പ്രകാരം വീണ്ടും വട്ടനില കൃഷി സജീവമായി. ഇതോടെ നിരവധി കർഷകർ വട്ടനിലകൃഷിയിലേക്ക് കടന്നു വന്നു.

................................

ആശങ്കയും പ്രതീക്ഷയും

കഴിഞ്ഞ വർഷം കൃഷി പരാജയപ്പെട്ടത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. കാർഷിക സർവകലാശാല വിത്തുഉത്പാദനത്തിന് വേണ്ടി പുതിയ നെല്ല് വിത്തായ മനുരത്‌ന കൃഷിയിറക്കിയെങ്കിലും പരാജയപ്പെട്ടു. ഉദ്ദേശിച്ചെത്ര വിളവ് ലഭിച്ചില്ല. ഇത്തവണ നല്ല വിളവ് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് കർഷകർ.