തൃശൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ടി.എൻ പ്രതാപൻ എം.പി ലോംഗ് മാർച്ച് നടത്തുന്നു. ജനുവരി രണ്ടിന് നടക്കുന്ന മാർച്ചിൽ 5,000 പേർ പങ്കെടുക്കുമെന്ന് എം.പി പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗുരുവായൂർ കിഴക്കെനടയിൽ നിന്നും തൃപ്രയാറിലേക്കാണ് മാർച്ച്. രമ്യ ഹരിദാസ് എം.പി, അനിൽ അക്കര എം.എൽ.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പാർട്ടി നേതാക്കൾ, പ്രവർത്തകർ, പോഷക സംഘടനാ നേതാക്കൾ, പ്രവർത്തകർ, മത സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിക്കുന്ന മാർച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് തൃപ്രയാറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കെ.പിസി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, വി.ഡി സതീശൻ എം.എൽ.എ, ഷാഫി പറമ്പിൽ എം.എൽ.എ എന്നിവർ സംസാരിക്കും. എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, എൻ.ഡി.എഫ്, പി.ഡി.പി, സംഘപരിവാർ, എൽ.ഡി.എഫ് കക്ഷികൾ എന്നിവ ഒഴികെ കേരളത്തിലെ മത സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാർച്ചിന്റെ ഭാഗമാകുമെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു.